കൊല്‍ക്കത്ത•തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ജോയ്നഗറിലെ ഒരു പെട്രോള്‍ പമ്പില്‍ വച്ച് ബുധനാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം.
തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ ബിസ്വന്ത് ദാസിനെ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് കാറില്‍ പാര്‍ട്ടി ഓഫീസിന് സമീപം ഇറക്കിയത്. ‘ഞാനായിരുന്നു ലക്ഷം. പാര്‍ട്ടി ഓഫീസില്‍ ഇറങ്ങിയതിനാല്‍ ഞാന്‍ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു.’ – എം.എല്‍.എ പറഞ്ഞു.
പ്രാദേശിക തൃണമൂല്‍ നേതാവ് സൈഫുദ്ദീന് ഖാന്, കാര്‍ ഡ്രൈവര്‍ ബാബു, ഒരു വഴിപോക്കന് എന്നിവരാണ് മരിച്ചത്. വെടിവെപ്പില്‍ തീപിടിച്ച എസ്.യു.വി തുടര്‍ന്നുണ്ടായ ബോംബ് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.
ബൈക്കുകളിലെത്തിയ ആയുധധാരികളായ അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വൈകുന്നേരം 7.30 ഓടെയാണ് സംഭവം.
സംഭവത്തിന് പിന്നില്‍ സി.പി.എമ്മും എസ്.യു.സി.ഐയും ആണെന്ന് ബിസ്വന്ത് ദാസ് ആരോപിച്ചു.
അതേസമയം, ആരോപണം നിഷേധിച്ച ഇരു പാര്‍ട്ടികളും ആക്രമണത്തിന് പിന്നില്‍ തൃണമൂലിലെ ആഭ്യന്തര പ്രഷ്ണങ്ങളാണെന്നും വ്യക്തമാക്കി.
Post Your Comments