ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധ വിമാന കേസില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി വിധി. ഈ കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ കോടതി തള്ളി. യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വിലയെകുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും രാജ്യ സുരക്ഷയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍
പങ്കാളികളെ റാഫേല്‍ ഇടപാടില്‍ നിശ്ചയിച്ചതിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജികാര്‍ക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ എടുക്കുന്ന തന്ത്ര പ്രധാനമായ വിഷയങ്ങളില്‍ കോടതി ഇടപെടില്ലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
കൂടാതെ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ സൈനത്തിന് ഇപ്പോള്‍ വലിയ ആവശ്യമുണ്ടെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടി ക്രമങ്ങളില്‍ ക്രമക്കേടില്ലെന്നും കോടതി പറഞ്ഞു. അതേസമയം റാഫേല്‍ യുദ്ധ വിമാനത്തിന്റെ ഗുണമേന്‍മയില്‍ സംശയമില്ലെന്ന് കോടതി കണ്ടെത്തി. അതേസമയം ഇതുപോലുള്ള കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിമാനങ്ങളുടെ കാര്യക്ഷമതയില്‍ സംശയമില്ലാത്തതിനാല്‍ വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. ഭിഭാഷകരായ എംഎല്‍ ശര്‍മ്മ, വിനീത ധന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ , മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റാഫേല്‍ ഇടപാടില്‍ അന്വഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
കേസിന്റെ വിധി വായിക്കുന്നതിന് മുമ്പ് രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി. റഫേല്‍ കേസില്‍ വിശദമായ പരിശോധന വേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
സെപ്തംബര്‍ അഞ്ചിനാണ് റാഫേല്‍ കേസില്‍ വാദം കോള്‍ക്കാന്‍ സുപ്രീം കേടതി തീരുമാനിച്ചത്. ഫ്രഞ്ച് കമ്പനിയായ ഡാസോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഓഫ്‌സൈറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
Post Your Comments