പോത്തന്‍കോട് : സ്കൂള്‍ ബസ്സിന് നേരെ ഗുണ്ടകളുടെ ആക്രമണം. പോത്തന്‍കോട് മോഹനപുരം ഖബറഡി മുസ്ലീ ജമാ അത്ത് സ്കൂള്‍ ബസ്സിന് നേരെയായിരുന്നു നാലംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ ബസ്സിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ബസ്സ് ഡ്രൈവര്‍ക്കും പരിക്കു പറ്റി. രണ്ടാംക്ലാസിലെ ഇര്ഫാന്, മൂന്നിലെ ജിഷ്ണു, എല്‍കെജിയിലെ ഇര്‍ഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്കും ബസ് ഡ്രൈവര്‍ റഹീമിനുമാണ് പരിക്ക് പറ്റിയത്. നാലു പേര്‍ക്കും ബസ്സിലുണ്ടായിരുന്ന ചില്ലുകള്‍ തറച്ചു കയറിയാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച വൈകീട്ട് നാലു മണിയോടെ പോത്തന്‍കോട് എജെ കോളേജ് ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഓടിയെത്തിയ എജെ കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
നാട്ടുകാര്‍ വരുന്നത് കണ്ട് അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഘം വന്ന കാര്‍ കൊല്ലം എഴുകോണ്സ്റ്റേഷന് പരിധിയിലെ മാറനാട് സ്വദേശിയുടേതാണെന്നും കല്യാണ ആവശ്യത്തിനു വിട്ടു നല്‍കിയതാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഖബറടി ജംഗ്ഷന് സമീപത്തുള്ള വ്യാജ മന്ത്രവാദിയെക്കുറിച്ച് സ്കൂള്‍ അധികൃതരും നാട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു ഇതിന് പിന്നിലെ പകയാണ് അക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments