ആലപ്പുഴ : മുല്ലയ്ക്കൽ ചിറപ്പിന്റെ ശോഭ കെടുത്തുവാൻ ആസൂത്രിത നീക്കവുമായി പൊതുമരാമത്തുവകുപ്പും നഗരസഭയും ഇക്കൊല്ലവും രംഗത്തു വന്നിരിക്കുന്നതിനു പിന്നിൽ ഇടതു-വലതു മുന്നണികളുടെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ. തർക്കങ്ങൾ പരിഹരിക്കുവാൻ ഇഷ്ട്ടം പോലെ സമയം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെ ചിറപ്പിന്റെ സമയത്ത് കോലാഹലമുണ്ടാക്കി ചിറപ്പിന്റെ ശോഭ കെടുത്തുകയാണ് ഇവർ. തെരുവു കയ്യേറി കച്ചവടം ചെയ്യുന്ന കയ്യേറ്റക്കാരെ താലോലിക്കുന്ന നഗരസഭയും പൊതുമരാമത്തു വകുപ്പും ഇപ്പോൾ കാണിക്കുന്നത് നാടകമാണ്. മറ്റു മതസ്ഥരുടെ ഉത്സവസമയത്ത് പൊതു നിരത്തുകൾ ലേലം ചെയ്യാതെ യാതൊരു തടസവും ഉണ്ടാക്കാത്ത ഇവർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരോടൊപ്പം ഈ മണ്ഡലകാലം സംഘർഷഭരിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടൊപ്പം ആലപ്പുഴ നഗരസഭയും ഇതിന് കൂട്ടു നിൽക്കുന്നു. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന മുല്ലയ്ക്കൽ -കിടങ്ങാം പറമ്പ് ചിറപ്പ് മഹോത്സവം ആലപ്പുഴയുടെ സാംസ്കാരിക ഉത്സവം കൂടിയാണ്. ഇതിനെ തകർക്കുവാനുള്ള ശ്രമം തുടങ്ങിയിട്ട് നാളുകളായി. അതിന്റെ ഭാഗമായാണ് ഈ സമയത്തു തന്നെ ബീച്ച് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ഉത്സവങ്ങളെയും ആചാരങ്ങളേയും വിശ്വാസങ്ങളേയും തകർക്കുവാൻ ശ്രമിക്കുന്ന ഇടതു-വലതു മുന്നണികൾക്കെതിരെ ബി.ജെ.പി. ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, ഭാരവാഹികളായ എൻ.ഡി. കൈലാസ്, കെ.പി.സുരേഷ്‌കുമാർ എന്നിവരും സംബന്ധിച്ചു.
Post Your Comments