തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാൻ താത്പര്യമില്ലെന്നു മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയിൽ പറയുന്നു. ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുട്ടട സ്വദേശി വേണുഗോപാലൻ നായർ സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി. പ്രവർത്തകരും പോലീസും സമയോചിതമായ ഇടപെട്ടതിനാൽ വൻദുരന്തം ഒഴിവായി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
അതേസമയം നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമല കർമ്മസമിതിയും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു.
Post Your Comments