തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ വേണുഗോപാലന്‍ നായര്‍ ശബരിമല സ്ത്രീ പ്രവേശത്തില്‍ ദുഖമുണ്ടായിരുന്ന ആളാണെന്നു മരുമകൻ ബിനു. ഇദ്ദേഹം നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍ ഒരു ചാനലിനോട് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് സമരപ്പന്തലിലേക്ക് മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ മണ്ണെണ്ണയുമായി ഓടി കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 70 ശതമാനം പരിക്കേറ്റ ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ ഇതുവരെ പോയിട്ടില്ലെന്നും കാര്യമായ കുടുംബപ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നെന്നും മരുമകന്‍ പ്രതികരിച്ചു.
അതെ സമയം പ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും , ശബരിമല വിഷയത്തിലെ ജനവികാരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments