ArticleLatest News

മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ കഴിയാതെ ഹൈക്കമാൻഡ്: കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാവുന്നു – മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞതോടെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. എന്നാൽ തർക്കങ്ങൾ മൂലം ഒന്നും ചെയ്യാൻ കഴിയാതെ നേതൃത്വം കുഴങ്ങുന്ന കാഴ്ചയാണ് ഡൽഹിയിലുള്ളത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ ഗഡ്‌ എന്നിവിടങ്ങളിലെല്ലാം നേതൃത്വം സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമാണ്. ഭോപ്പാലിലും റായ്‌പൂരിലും ജയ്‌പ്പൂരിലും വിവിധ നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനങ്ങൾ നടന്നു; ഇരു പക്ഷത്തുമുള്ളവരെ അണിനിരത്തിക്കൊണ്ട് ബാനർ പ്രചരണവും ആരംഭിച്ചു. രാഹുൽ ഗാന്ധി, എകെ ആന്റണി തുടങ്ങിയവർ മധ്യസ്ഥ ശ്രമവുമായി രംഗത്തുണ്ടെങ്കിലും കാര്യങ്ങൾ എവിടെയുമെത്തുന്ന ലക്ഷണമില്ലെന്ന് കോൺഗ്രസുകാർ തുറന്നു സമ്മതിച്ചു തുടങ്ങി. അതിൽ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചെറിയ ഭൂരിപക്ഷമേ കോൺഗ്രസിന് ലഭിച്ചിട്ടുള്ളൂ. അതുകൊണ്ട് രണ്ടും കൽപ്പിച്ചൊരു തീരുമാനമെടുക്കാൻ ആർക്കും ധൈര്യവുമില്ല. അതെ സമയം നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്ത ബിജെപി നേതൃയോഗം ജനുവരി 11, 12 തീയതികളിൽ ദേശീയ കൗൺസിൽ സമ്മേളനം ഡൽഹിയിൽ വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ അടക്കമുള്ള വിഷയങ്ങൾ അവിടെ ചർച്ച ചെയ്യും. അതേസമയം കേന്ദ്ര മന്ത്രി സഭയിലും പാർട്ടിയിലും ചില മാറ്റങ്ങൾ ഉടനെയുണ്ടാവുമെന്ന് കേൾക്കുന്നുണ്ട്. ചില കേന്ദ്ര മന്ത്രിമാരെ പാർട്ടിയെ ശക്തിപ്പെടുത്താനായി നിയോഗിച്ചേക്കും. ഇന്ന് നടന്നത് ദേശീയ ഭാരവാഹി യോഗമാണ്.

കോൺഗ്രസിന് മധ്യപ്രദേശിൽ ആണ് ഏറ്റവും വലിയ പ്രശ്നമുള്ളത്. കമൽനാഥ്‌ ആ സംസ്ഥാനത്ത് നിന്നുള്ള എംപിയും പിസിസി പ്രസിഡന്റുമാണ് എങ്കിലും സ്വദേശം പശ്ചിമ ബംഗാളാണ്. മറ്റൊന്ന് 1984 ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് അദ്ദേഹം ഇപ്പോഴും വിധേയനാവുന്നു എന്നതാണ്. ആ കേസുകൾ ഒരു എസ്ഐടി ഇപ്പോൾ അന്വേഷിക്കുന്നതിനാൽ കമൽനാഥ്‌ മുഖ്യമന്ത്രി ആവുന്നത് ഗുണകരമാവില്ല എന്ന് ജ്യോതിരാദിത്യ സിന്ധ്യ വിഭാഗം കരുതുന്നു. എന്നാൽ താനായിരുന്നു അവിടെ യഥാർഥ മുഖ്യമന്ത്രി സ്ഥാനാർഥി എന്നതാണ് കമൽനാഥിന്റെ നിലപാട്. ഇവർക്കിടയിൽ മിണ്ടാതിരിക്കുന്ന ദിഗ്‌വിജയ് സിങ് ഒരിക്കൽ കൂടി ആ കസേര മോഹിക്കുന്നുണ്ട് എന്നത് വേറെ കാര്യം. രണ്ടുകൂട്ടർക്കും അത്രമാത്രം അനുയായികളുണ്ട്; അതുകൊണ്ട് എന്തെങ്കിലും വിധത്തിൽ ഒത്തുതീർപ്പുണ്ടാക്കുക ഹൈക്കമാൻഡിന് പ്രശ്നം തന്നെയാണ്. സർക്കാരുണ്ടാക്കാൻ ഇന്നലെ കമൽനാഥ്‌ അവകാശ വാദം ഉന്നയിച്ചുവെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

രാജസ്ഥാനിലും പ്രശ്നങ്ങൾ ഗുരുതരമാണ്. അവിടെയും പിസിസി അധ്യക്ഷനായ സച്ചിൻ പൈലറ്റ് ആണ് മുഖ്യമന്ത്രി പദത്തിന് മുൻപന്തിയിലുള്ളത്. താനാണ് അവിടെ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത് എന്നതാണ് അദ്ദേഹത്തിന്റെ വാദം. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കുറേക്കാലമായി രാഹുൽ ഗാന്ധിയുടെ ഉപദേഷ്ടാവ് എന്ന നിലക്ക് ദൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്; അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയുമാണ്. സാമുദായികമായ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ മാത്രമാണ് ഗെഹ്‌ലോട്ടിനെ മത്സരിപ്പിച്ചത് അതല്ലാതെ ഒരിക്കലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നില്ല…….. അങ്ങിനെ പോകുന്നു പൈലറ്റ് പക്ഷക്കാരുടെ നിലപാട്. എന്നാൽ പൈലറ്റ് ഒരു പയ്യൻ മാത്രമാണ് എന്നും തിരഞ്ഞെടുപ്പിൽ ജയിച്ചത് താൻ മുന്നിൽനിന്നത് കൊണ്ടാണ് എന്നും മുൻ മുഖ്യമന്ത്രി ഗെഹ്‌ലോട്ട് അവകാശപ്പെടുന്നു. രണ്ടുകൂട്ടരേയും പിന്തുണക്കുന്നവർ അതാത് നേതാക്കളുടെ വസതികളിൽ ഇന്ന് ക്യാമ്പടിക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനിടെ താനും മുഖ്യമന്ത്രിയാവാൻ യോഗ്യനാണ് എന്നും പറഞ്ഞുകൊണ്ട് മുൻ എഐസിസി ജനറൽ സെക്രട്ടറി സിപി ജോഷിയുമുണ്ട് രംഗത്ത്. അവിടെയും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വം. ഗഹ്ലോട്ട് ആവട്ടെ മുഖ്യമന്ത്രി എന്നതാണ് രാഹുലിന്റെ നിലപാട് എന്നാണ് കേൾക്കുന്നത്. പൈലറ്റിനെ മന്ത്രിസഭയിൽ ഉൾകൊള്ളിക്കാമെന്നും നിർദ്ദേശിക്കുന്നു; പക്ഷെ താനായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് പൈലറ്റ് കരുതുന്നു.

അതിനിടെ സച്ചിൽ പൈലറ്റിന്റെ അനുയായികൾ ഇന്ന് രാജസ്ഥാനിൽ പലയിടത്തും റോഡുകൾ തടസപ്പെടുത്തി. മുഖ്യമന്ത്രി പദത്തിലേക്ക് ഗെഹ്‌ലോട്ട് വരുന്നു എന്ന സൂചനകൾ ശക്തമായതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധം പാർട്ടിക്കുള്ളിൽ രൂപപ്പെട്ടത്. “അത് വേണ്ട” എന്ന് ഡൽഹിയിൽ നിന്ന് നിർദ്ദേശം പോയെങ്കിലും ആരും വകവെച്ചില്ല. ഇത്തവണ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നതാണ് പൈലറ്റ്, സിന്ധ്യ തുടങ്ങിയ യുവ നേതാക്കളുടെ നിലപാട്. രാഹുൽ തങ്ങൾക്ക് വാക്ക് നൽകിയിരുന്നു എന്നും അവർ പരസ്യമായി പറയാൻ തുടങ്ങിയിട്ടുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പലതും നടപ്പിലാക്കാൻ എളുപ്പമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് വലിയ പ്രശ്നമായിട്ടുണ്ട്. മധ്യപ്രദേശിൽ അധികാരത്തിലേറിയാൽ കാർഷിക കടങ്ങൾ ഒരാഴ്ചക്കകം എഴുതിത്തള്ളും എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. അതിന് ചെറിയ തുക പോരെന്നതാണ് പ്രശ്നം. മറ്റൊന്ന് രാജസ്ഥാനിലും മധ്യപ്രദേശിലും തൊഴിലില്ലായ്മ വേതനം കൊടുക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. രാജസ്ഥാനിൽ അത് പ്രതിമാസം 3,000 രൂപയാണ് എങ്കിൽ മധ്യപ്രദേശിൽ പതിനായിരമാണ്. അതിനും വക കണ്ടെത്തുക ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമാവാനിടയില്ല. എന്നാൽ വാഗ്‌ദാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോൺഗ്രസുകാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതാവും. കാർഷിക കടം എഴുതിത്തള്ളും എന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത് മുതൽ കർഷകർ ബാങ്കിലേക്ക് ചെന്നിട്ടില്ല; അവർ കടം തിരിച്ചടക്കാൻ തയ്യാറായിട്ടുമില്ല.

ഇന്നിപ്പോൾ ഡൽഹിയിൽ കണ്ട ഒരു പ്രധാന ചിത്രം തീരുമാനമെടുക്കാനായി എത്തിയ നേതാക്കളിൽ പ്രിയങ്ക ഗാന്ധിയുമുണ്ട് എന്നതാണ്. രാവിലെ മുതൽ അവർ രാഹുൽ ഗാന്ധിയുടെ വസതിയിലുണ്ടായിരുന്നു. നേതൃത്വ ചർച്ചകളിൽ അവർ മുന്നിലുണ്ടായിരുന്നു എന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button