കൊച്ചി; സംസ്ഥാനത്ത് പ്രളയത്തില്‍ പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ലഭിച്ചുതുടങ്ങി. പൂര്‍ണമായ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍ ഭാഗികമായി നശിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ വൈകുന്നത് ആയിരക്കണക്കിന് പേരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഭാഗികമായി നശിച്ച വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ പോലുമായിട്ടില്ല.
പൂര്‍ണമായി വീട് നശിച്ചവര്‍ക്ക് നാല് ലക്ഷം രൂപയും. 60 മുതല്‍ 74 ശതമാനം വരെ നാശമുണ്ടായവര്‍ക്ക് രണ്ടര ലക്ഷം രൂപയും 59 മുതല്‍ 30 ശതമാനം നാശമുണ്ടായവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയുമാണ് നല്‍കുക. കൂടാതെ 29 മുതല്‍ 16 ശതമാനമുള്ളവര്‍ക്ക് 60,000 രൂപയും 15 ശതമാനം വീട് നശിച്ചവര്‍ക്ക് 10,000 രൂപയും നല്‍കാനാണ് തീരുമാനം.
പൂര്‍ണമായി വീട് നശിച്ചവര്‍ക്കുള്ള പണം നല്‍കി തുടങ്ങി. 400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിന് ആദ്യഗഡു നല്‍കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഒപ്പം സ്പോണ്‍സര്‍മാര്‍ മുഖേന വീടുപണിയുന്നവര്‍ക്ക് 95,200 രൂപ സര്‍ക്കാര്‍ നല്‍കും. സഹകരണ സ്ഥാപനങ്ങള്‍ അടക്കമുള്ള സ്പോണ്‍സര്‍മാര്‍ നാലുലക്ഷം രൂപ കൂടി നല്‍കുന്നതോടെ ഇത്തരത്തില്‍ വീടുനിര്‍മിക്കുന്നവര്‍ക്ക് 4,95,200 രൂപ ലഭിക്കും. ഒപ്പം കൂടുതല്‍ തുക കൂട്ടുന്നതോടെ ഉടമക്ക് അനുയോജ്യമായ വീട് നിര്‍മിക്കാനാവും.
എന്നാല്‍ ഭാഗിക വീടുനിര്‍മാണം സംബന്ധിച്ച കാര്യത്തില്‍ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. റവന്യു തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി നഷ്ടം സ്ഥിരീകരിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
Post Your Comments