41 ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്ത വടക്കേ നടയിലൂടെ പ്രവേശിക്കാൻ കഴിയുന്ന പുത്തൻ ശബരിമലയെ കുറിച്ചറിയാം. പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം.
പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും കാര്യം സാധിച്ച ശേഷം കൊട്ടാരത്തിലേക്ക് മടങ്ങിയെന്നുമാണ് ഐതീഹ്യം. അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശം ആണ് പിൽക്കാലത്ത് പുത്തൻ ശബരിമല എന്ന പേരിൽ അറിയപ്പെട്ടത്. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമലയിൽ 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ അയ്യനെ കാണാനാവും.
പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും യക്ഷിയും, നാഗങ്ങളും, ഗണപതിയും ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ ഇവിടെയുണ്ട്.
പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ടിച്ചാണ് ആദ്യം ആരാധന തുടങ്ങിയതെന്നാണ് ഐതീഹ്യം. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തിയെങ്കിലും അധികമാരും ഇവിടെ എത്തിയിരുന്നില്ല. പിന്നീട് 1940–കളിലാണ് ക്ഷേത്രനവീകരണം നടന്നത്.
കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചാണ് വീണ്ടും പുനഃപ്രതിഷ്ഠ നടന്നത്. ഋതുമതികളായ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെ പ്രവേശിക്കാനും അയ്യപ്പ സ്വാമിയെ തൊഴുതു പ്രാർത്ഥിക്കാനും സാധിക്കും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം.
Post Your Comments