കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളിലൊരു ഭയമാണ്. കാരണം ആരെ എപ്പോള്‍ എങ്ങനെ കാന്‍സര്‍ പിടികൂടുമെന്ന് പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. അത്രമേല്‍ കാന്‍സറും കാന്‍സര്‍ ഭയവും നമ്മളെ ദിനംപ്രതി കീഴടക്കുകയാണ്. 2020 ല്‍ ലോകത്തെ കാന്‍സര്‍ ബാധിതരുടെ എണ്ണം ഒന്നര കോടി കഴിയുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. അതായത് കാന്‍സര്‍ ബാധിതരുടെ എണ്ണം ഇരട്ടിക്കും.
ജീവിതചര്യകളെയും കാലാവസ്ഥയെയും എല്ലാം നമ്മള്‍ കാന്‍സറിന്റെ കാരണക്കാര്‍ എന്ന് വിലയിരുത്തി പഴിക്കുമ്പോഴും കാന്‍സറിന്റെ യഥാര്‍ഥ കാരണം ഇന്നും ദുരൂഹമാണ്.
ഓരോരുത്തരിലും കാന്‍സര്‍ ഓരോ രൂപത്തിലാണ് വരിക. ചിലര്‍ക്ക് തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുമ്പോള്‍ മറ്റു ചിലര്‍ അത് തിരിച്ചറിയുന്നത് അവസാന സ്റ്റേജ് ആകുമ്പോഴാകും. എത്ര വേഗം ചികിത്സ ആരംഭിക്കുന്നോ അത്രയും എളുപ്പത്തില്‍ ഇതില്‍ നിന്നും രക്ഷ നേടാം എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
കാന്‍സര്‍ വിഭാഗങ്ങളില്‍ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ് കാന്‍സര്‍. രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് കാന്‍സര്‍ അഥവാ ലുക്കീമിയ. എന്നറിയപ്പെടുന്നത്. ബ്ലഡ് ക്യാന്‍സറില്‍ തന്നെ മൂന്നു വകഭേദങ്ങളുണ്ട്. കോശങ്ങളുടെ വളര്‍ച്ചയെ അടിസ്ഥാനമാക്കി പെട്ടെന്നു വളരുന്നതിനെ അക്യൂട്ട് ലുക്കീമിയ എന്നും സാവധാനം പുരോഗമിക്കുന്നതിനെ ക്രോണിക് ലുക്കീമിയ എന്നും വീണ്ടും തിരിക്കാം.
ശ്വേതാണുക്കളെ ബാധിക്കുന്ന കാന്‍സറാണ് ലിംഫോമ. പ്ലാസ്മയുടെ ഉല്‍പാദനത്തെ ബാധിക്കുന്നതാണ് മെലോമ എന്നറിയപ്പെടുന്നത്. ഇതില്‍ തന്നെ കുട്ടികളെ കൂടുതലായി ബാധിക്കുന്ന അക്യൂട്ട് ലിംഫാറ്റിക് ലുക്കീമിയ, Hodgkin’s lymphoma എന്നിവയാണ് കൂടുതല്‍ അപകടകാരി.
രക്താര്‍ബുദങ്ങളില്‍ വച്ചേറ്റവും ഗുരുതരമായത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്.
എങ്ങനെ കണ്ടെത്താം? ലക്ഷണങ്ങള്‍?
ബ്ലഡ് കാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കിലെങ്കിലും പലപ്പോഴും ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തണം.
ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.
ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും സൂക്ഷിക്കണം.
ലസികഗ്രന്ഥികളുടെ വീക്കം, തലവേദന, ചര്‍മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും, എല്ലുകളിലും സന്ധികളിലുമുണ്ടാകുന്ന വേദന
എന്നിങ്ങനെയുള്ള എല്ലാ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതാണ്. എല്ലായ്‌പ്പോഴും ഇത് കാന്‍സര്‍ ആകണമെന്നില്ല. എങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഒരു വിശദപരിശോധന നടത്താം.
രക്തവും മജ്ജയും എടുത്തു പരിശോധിക്കുന്നതാണ് ആദ്യ പടി. കൂടുതല്‍ വ്യക്തതയ്ക്ക് ജനിതക പരിശോധനയും ഇമ്മ്യൂണോളജിക്കല്‍ (പ്രതിരോധ) ടെസ്റ്റുകളും നിര്‍ദേശിക്കാറുണ്ട്
Post Your Comments