KeralaLatest NewsIndia

നായയെ കുളിപ്പിക്കാത്തതിന് പതിനൊന്നുകാരിക്ക് ക്രൂര മർദ്ദനം : കേസായതോടെ കോട്ടയത്ത് നിന്ന് അദ്ധ്യാപിക മുങ്ങി

കുട്ടിയുടെ ശരീരത്തിലെ ചൂരല്‍പ്പാടുകള്‍ കണ്ട് മുത്തശ്ശി അലമുറയിട്ടു. ഇതോടെ അയല്‍വാസികളും ഓടിയെത്തി.

കോട്ടയം: കോട്ടയത്ത് നായക്കുട്ടിയെ കുളിപ്പിക്കാത്തതിന് പതിനൊന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. സംഭവം കേസായതോടെ അധ്യാപിക മുങ്ങി. അദ്ധ്യാപികയുടെ വീട്ടില്‍ അടുക്കളജോലിയും ഒപ്പം പഠനവും നടത്തിവന്ന പെണ്‍കുട്ടിക്കാണ് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. നൃത്താദ്ധ്യാപികയായ ശാന്താ മേനോനെതിരെയാണ് (48) കുമളി പൊലീസ് കേസ് എടുത്തിട്ടുള്ളത്. അഞ്ച് വയസു മുതല്‍ സ്ഥാപനത്തില്‍ നൃത്തം അഭ്യസിച്ചു വരികയായിരുന്നു കുട്ടി.

കഴിഞ്ഞ ആറ് മാസമായി കുട്ടി നൃത്താദ്ധ്യാപികയുടെ വീട്ടില്‍ താമസിച്ചു പഠിക്കുകയായിരുന്നു. തന്നെകൊണ്ട് കഠിനമായ ജോലികള്‍ അദ്ധ്യാപിക ചെയ്യിച്ചിരുന്നുവെന്ന് കുട്ടി പൊലീനോട് പറഞ്ഞു. നായ്ക്കുട്ടിയെ കുളിപ്പിച്ചില്ലെന്ന് പറഞ്ഞാണ് കുട്ടിയെ ആദ്യം തല്ലിയത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നല്കിയ 500ന്റെ നോട്ട് മോഷ്ടിച്ചതാണോയെന്ന് ചോദിച്ച്‌ വീണ്ടും ചൂരലിന് തല്ലി. അമ്മയെ ഉപേക്ഷിച്ചുപോയ പിതാവ് സ്‌കൂള്‍ വിട്ട് വരുന്ന സമയത്ത് 500 രൂപ തന്നതാണെന്ന് കുട്ടി പറഞ്ഞെങ്കിലും ഇത് മോഷ്ടിച്ചതാണെന്നാണ് അദ്ധ്യാപിക പറഞ്ഞത്.

പിറ്റേദിവസം സ്‌കൂളില്‍ എത്തിയപ്പോള്‍ സഹോദരന്‍ കവിളില്‍ കരിവാളിച്ച പാട് കണ്ട് ചോദിച്ചപ്പോഴാണ് മര്‍ദ്ദനവിവരം പുറത്തായത്. തുടർന്ന് വീട്ടിലറിയിക്കുകയും കുട്ടിയുടെ ബന്ധുക്കൾ വീട്ടിലെത്തുകയുമായിരുന്നു. പക്ഷെ കുട്ടിയെ മുറിക്കുള്ളില്‍ നിന്ന് പുറത്തിറക്കാന്‍ നൃത്തഅദ്ധ്യാപിക തയാറായില്ല. ഇതോടെ കുട്ടിയുടെ അമ്മൂമ്മയും അപ്പൂപ്പനും ബഹളം വച്ചു. പൊലീസില്‍ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് വാതില്‍ തുറന്നത്.

കുട്ടിയുടെ ശരീരത്തിലെ ചൂരല്‍പ്പാടുകള്‍ കണ്ട് മുത്തശ്ശി അലമുറയിട്ടു. ഇതോടെ അയല്‍വാസികളും ഓടിയെത്തി. ഇതിനിടെ നേരത്തെ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും അദ്ധ്യാപിക പ്രധാന അദ്ധ്യാപികയോട് ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയ പ്രധാനാദ്ധ്യാപിക കുട്ടിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി. ഇതേ തുടര്‍ന്നാണ് പ്രധാനാദ്ധ്യാപികയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ നൃത്താദ്ധ്യാപിക തമിഴ്നാട്ടിലേക്ക് മുങ്ങിയെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button