കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ചര്‍ച്ചയായ കിത്താബ് എന്ന നാടകം സംസ്ഥാന തലത്തിൽ പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം ഇടപെടല്‍. സിപിഎം നിയന്ത്രണത്തിലുള്ള മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്‍റിന്‍റെ മേലുള്ള പാര്‍ട്ടി സമ്മര്‍ദ്ദം നാടകാവതരണത്തിന് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്.
വിവിധ സംഘടനകളുടെ അപ്രീതി ഭയന്ന് ജില്ലാനേതൃത്വം സി പി എം നിയന്ത്രണത്തിലുള്ള സ്കൂള്‍ മാനേജ്മെന്‍റിനോട് നാടകം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ നാടകം അരങ്ങ് കാണില്ലെന്ന് സ്കൂള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. പ്രാദേശിക സിപിഎം നേതൃത്വത്തിന്‍റ നിയന്ത്രണത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് മേമുണ്ട സ്കൂള്‍ ഭരിക്കുന്നത്.
കിത്താബിന്‍റെ പ്രമേയം മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചതോടെയാണ് നാടകത്തിന് എന്നന്നേക്കുമായി കര്‍ട്ടന്‍ വീണത്. നാടകം അവതരിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച കുട്ടികള്‍ക്ക് തിരിച്ചടിയായതും സ്കൂള്‍ മാനേജ്മെന്‍റിന്‍റെ നിലപാടാണ്. നാടകം അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന മാനേജ്മെന്‍റ് നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാൽ നാടകത്തിന് വേദിയൊരുക്കുമെന്ന് എസ് എഫ് ഐ അറിയിച്ചിരുന്നു.
Post Your Comments