തിരുവനന്തപുരം•‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഭിമന്യൂ രാമാനന്ദന്‍ (31) വാഹനാപകടത്തില്‍ മരിച്ചു. അഭിമന്യൂ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ദേശീയപാതയില്‍ കഴക്കൂട്ടത്തിനും ആറ്റിങ്ങലിനുമിടയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം വച്ചായിരുന്നു അപകടം.
തിരുവനന്തപുരത്ത് ചലച്ചിത്രമേളയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്ഥലത്തെത്തിയ പോലീസ് അഭിമന്യൂവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാഹുല്‍ റിജില്‍ നായര്‍ ഒരുക്കിയ ‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ ആല്‍ബത്തിലൂടെ ശ്രദ്ധേയനായ അഭിമന്യൂ ഡാകിനി, ഒറ്റമുറി വെളിച്ചം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായിരുന്നു. മേലാറ്റിങ്ങില്‍ രേവതിയില്‍ രാമാനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി. സഹോദരന്‍: അനൂപ് രാമാനന്ദന്‍.
Post Your Comments