KeralaLatest News

ഇരട്ടത്താപ്പ് കണ്ടുപിടിച്ചത് സിപിഎമ്മോ?

ഇരട്ടത്താപ്പ് കണ്ടുപിടിച്ചത് സിപിഎം പ്രവര്‍ത്തകരാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനോടനുബന്ധിച്ചാണ് ചെന്നിത്തലയുടെ ആരോപണം. അധികാരത്തില്‍ എത്തി പകുതിയും താണ്ടുമ്പോഴും പുതിയ ഒരു പദ്ധതിയുടെ കല്ലിടല്‍ പോലും നടത്താതെ, വൈകിപ്പിച്ചാണെങ്കിലും യുഡിഎഫ് പദ്ധതികളാണ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. മെട്രോ ട്രെയിന് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തിന്റെയും പഴി കേള്‍ക്കാതിരിക്കാനാണ് പദ്ധതി വൈകിപ്പിച്ചത്. സ്വന്തമായി വികസന പ്രവര്‍ത്തനമൊന്നും നടത്താനില്ലാതെ യുഡിഎഫ് പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുക മാത്രമാണ് ഈ സര്‍ക്കാരിന്റെ നടപടി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപത്തിലേക്ക്

ഇരട്ടത്താപ്പ് കണ്ടുപിടിച്ചത് സിപിഎമ്മുകാര്‍ ആണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 2015 കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റണ്‍വേ പണിപൂര്‍ത്തിയാക്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണപറക്കല്‍ നടത്തുമ്പോള്‍ മട്ടന്നൂര്‍ എം എല്‍ എ യും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തില്‍ സത്യാഗ്രഹസമരം നടത്തുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ 3050 മീറ്റര്‍ റണ്‍വേ മാത്രമാണ് നിര്‍മിച്ചതെന്നും നാലായിരം മീറ്റര്‍ റണ്‍വേ സാക്ഷാത്കരിക്കേണ്ടിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. മറ്റന്നാള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍വഹിക്കുകയാണ്. റണ്‍വേയുടെ നീളം എത്രയാണെന്നറിയാമോ ?പഴയ 3050 മീറ്റര്‍ തന്നെ. ഭരണം കൈയില്‍ കിട്ടിയിട്ട് എന്തുകൊണ്ട് ഒരുമീറ്റര്‍ പോലും നീളം കൂട്ടിയില്ല ?

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയായ പ്രവൃത്തികളെക്കുറിച്ചു 2016 ജൂണ്‍ 26 നു (സര്‍ക്കാര്‍ അധികാരത്തിലേറി ഒരുമാസത്തിനുള്ളില്‍ )നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉത്തരത്തില്‍ ഒന്ന് കണ്ണോടിച്ചാല്‍ അടിസ്ഥാനസൗകര്യത്തിന്റെ 90 ശതമാനവും തയാറായെന്നു മനസിലാകും. വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വേ, 20 എയര്‍ ക്രാഫ്റ്റ് പാര്‍ക്കിങ്ങിനുള്ള ഏപ്രണ്‍, പാരലല്‍ ട്രക്സിട്രാക്ക് 889 മീറ്റര്‍, റണ്‍വേ ലിങ്കി ടാക്സി 4, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം കെട്ടിടം 85% , ഫയര്‍ സ്റ്റേഷന്‍ 75%, ടെര്‍മിനല്‍ കെട്ടിടം 75%, ഫ്ളൈ ഓവര്‍ 150 മീറ്റര്‍ 90%, എസ്‌കലേറ്റര്‍ 70%, കെ.എസ്.ഇ.ബി സപ്ലൈ 95%, വാട്ടര്‍ സപ്ലൈ 100% എന്നീ കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു.2016 ഓഗസ്റ്റ് 16ന് ഉന്നയിച്ച ചോദ്യത്തിനും ഇതേ ഉത്തരം തനിയാവര്‍ത്തനമായി മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.,കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മഹാഭൂരിപക്ഷവും നടന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സ്ഥലം ഏറ്റെടുക്കാന്‍ നേതൃത്വം നല്‍കിയ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെയും ഒഴിവാക്കിയാണ് പിണറായി വിജയന്‍ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അധികാരത്തില്‍ എത്തി പകുതിയും താണ്ടുമ്പോഴും പുതിയ ഒരു പദ്ധതിയുടെ കല്ലിടല്‍ പോലും നടത്താതെ, വൈകിപ്പിച്ചാണെങ്കിലും യുഡിഎഫ് പദ്ധതികളാണ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്. മെട്രോ ട്രെയിന് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തിന്റെയും പഴി കേള്‍ക്കാതിരിക്കാനാണ് പദ്ധതി വൈകിപ്പിച്ചത്. സ്വന്തമായി വികസന പ്രവര്‍ത്തനമൊന്നും നടത്താനില്ലാതെ യുഡിഎഫ് പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുക മാത്രമാണ് ഈ സര്‍ക്കാരിന്റെ നടപടി.

മുന്‍ സര്‍ക്കാരിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാതെ ,പ്രോട്ടോക്കോള്‍ ലംഘനം നടത്തി ചെയ്യുന്ന ഈ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും യുഡിഎഫ് വിട്ടുനില്‍ക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button