KeralaLatest News

നിരീക്ഷണ ക്യാമറകള്‍ മാവോയിസ്റ്റുകള്‍ മോഷ്ടിച്ചു ; തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ ഉൗര്‍ജ്ജിതം

നിലമ്പൂര്‍  :  കടുവ നിരീക്ഷണത്തിനായി നിലമ്പൂരിലെ ഉള്‍വനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ മോഷ്ടിച്ചത് മാവോയ്സ്റ്റുകളെന്ന് വനം വകുപ്പ് . കാളികാവ് റേഞ്ച് ഓഫീസര്‍ ഈ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . കാളികാവ് പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചിരുന്ന രണ്ട് ക്യാമറകളാണ് മോഷണം പോയിരിക്കുന്നത്. ദേശീയ കടുവാ നിരീക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു മാസം മുന്‍പാണ് വനം വകുപ്പ് ക്യാമറകള്‍ ഉള്‍വനത്തില്‍ സ്ഥാപിച്ചിരുന്നത്. . ചിത്രശലഭങ്ങളുടെ സെന്‍സസിനായി കഴിഞ്ഞ ദിവസം വനത്തിനുള്ളിലെത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം അറിയുന്നത്.

പാട്ടക്കരിമ്പിന് സമീപത്തുള്ള പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായും കോളനിയില്‍ വസിക്കുന്നവര്‍ക്ക് ലഘുലേഖകളും മറ്റും വിതരണം ചെയ്താണ് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ എത്തിയ മാവോയ്സ്റ്റുകള്‍ ഇപ്പോഴും നിലമ്പൂര്‍ ഉള്‍വനത്തില്‍ തുടരുന്നുവെന്നാണ് തണ്ടര്‍ ബോള്‍ട്ടും വനം വകുപ്പും കരുതുന്നത്.

സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായിരുന്ന കുപ്പു ദേവരാജനും അജിതയും 2016 നവംബര്‍ 24 നാണ് നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കരുളായിയില്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മാവോയ്സ്റ്റ് നേതാക്കളുടെ രണ്ടാം വാര്‍ഷിത്തെ തുടര്‍ന്ന് പ്രതികാര നടപടിയായി തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുളളതായി ഇന്‍റെലിജന്‍സ് സൂചനയുണ്ടായിരുന്നു. മാവോയ്സ്റ്റുകള്‍ നിലമ്പൂര്‍ ഉള്‍വനത്തില്‍ ഉണ്ടെന്ന നിഗമനത്തിലും ഇന്‍റെലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലും വനം വകുപ്പും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ഉൗര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button