കണ്ണൂർ : പതിറ്റാണ്ടുകള്‍ നീണ്ട വിമാനത്താവളമെന്ന കണ്ണൂരിന്റെ സ്വപ്നം നാളെ പറന്നുയരും. ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ കിയാല്‍ എം.ഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഞായറാഴ്ച രാവിലെ ആറു മണിക്ക് അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ നിന്നും സ്വീകരിച്ച് എയര്‍പോര്‍ട്ടിലെത്തിക്കുന്നതു മുതൽ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാകും.
ആദ്യവിമാനത്തിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക് വായന്തോട്ട് സജ്ജീകരിച്ചിട്ടുണ്ട്. അലങ്കരിച്ച നാലു ബസുകളില്‍ യാത്രക്കാരെ ഏഴു മണിയ്ക്കകം വിമാനത്താവളത്തിലെത്തിക്കും. ഇവരുടെ ലഗേജുകള്‍ കൊണ്ടപോകുവാൻ പ്രത്യേക വാഹനവും ഒരുക്കിയിട്ടുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ ഏഴു മണിക്ക് യാത്രക്കാരെ സ്വീകരിക്കും. 7.30 മുതല്‍ തിരുവാതിരക്കളി, കളരിപ്പയറ്റ്, വനിതാ കോല്‍ക്കളി, മോഹനിയാട്ടം, ജുഗല്‍ബന്ദി, നാവികസേനയുടെ ബാന്റ് മേളം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉദ്ഘാടന വേദിയില്‍ അരങ്ങേറും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടച്ചടങ്ങിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടോടു കൂടിയോടെ തുടങ്ങും. ഉദ്ഘാടന സമ്മേളനം 10 മണിക്ക് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വഹിക്കും. അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം 9.55ന് ഇരുവരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. പതിനഞ്ചോളം വിമാനങ്ങള്‍ ഉദ്ഘാടന ദിനത്തില്‍ എയര്‍പോര്‍ട്ടിലുണ്ടായിരിക്കും.
Post Your Comments