KeralaLatest News

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണം; ഗവര്‍ണ്ണറുടെ അനുമതി തേടി സര്‍ക്കാര്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് തുടരന്വേഷണത്തിനു സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടും.നിയമ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച ശുപാര്‍ശ കൈമാറിയിട്ടുണ്ട്. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ ആദ്യം ഹൈക്കോടതിയെയും പിന്നീട് കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാരിനും അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ നിയമ സെക്രട്ടറിയുടെ പരിഗണനയിലായിരുന്നു. ഈ അപേക്ഷയിലാണ് ഇപ്പോള്‍ തീരുമാനമായത്. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, ബാര്‍ ഉടമ ബിജു രമേശ് എന്നിവരും ഹൈക്കോടതിയില്‍ സ്വകാര്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിക്കു മുന്നില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് മൂന്നാമത്തെ പ്രാവശ്യവും വിജിലന്‍സ് മാണിക്ക് ക്ലീന്‍ ചിററ് നല്‍കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കില്‍ നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കണമെന്നുമാണ് കേസില്‍ കക്ഷി ചേര്‍ന്നവര്‍ സെപ്റ്റംബറില്‍ ഉന്നയിച്ച ആവശ്യം. അന്ന് വി.എസ്.അച്യുതാനന്ദന്‍, ആരോപണം ഉന്നയിച്ച ബിജു രമേശ്, എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, വി.മുരളീധരന്‍ എംപി എന്നിവരാണ് ഇക്കാര്യം കോടതില്‍ ആവശ്യപ്പെട്ടത്.

ഇതിനിടെയാണ് ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്ന ഭേദഗതി അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രം കൊണ്ടുവന്നത്. വിജിലന്‍സ് സമര്‍പ്പിച്ച മൂന്ന് അന്വേഷണ റിപ്പോര്‍ട്ടിലും മാണിക്കെതിരേ തെളിവില്ലെന്നാണു വ്യക്തമാക്കിയത്. എന്നാല്‍, അതെല്ലാം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടു മാണിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ചില കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെങ്കിലും കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണു വിജിലന്‍സ് നിലപാട്. 13-നു കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button