കാലടി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ വരവേല്‍ക്കാനൊരുങ്ങി വിഷ്ണുമൂര്‍ത്തി തെയ്യം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യമാണ് ലോകത്തിലെ ഏറ്റവും വലിയ തെയ്യത്തിന്റെ ചുമര്‍ചിത്ര രചന പൂര്‍ത്തീകരിച്ചത്. കിയാലിന്റെ ചുമരില്‍ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമർചിത്രം ഉള്ളത്.
കലാകാരനും കാലടി സംസ്‌കൃത സര്‍വകലാശാല ചിത്രകലാ വിഭാഗം അധ്യക്ഷനുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ദില്‍ജിത്ത് വിഷ്ണു സുജിത്ത്, ശ്രീജ എന്നിവര്‍ ചേര്‍ന്നാണ് ചുമര്‍ചിത്ര ശില്പം തയാറാക്കിയത്. തെയ്യത്തിന്റെ ശില്പം ആദ്യം സിമന്റിലാണ് ചെയ്തത്. പിന്നീട് അക്രലിക് നിറങ്ങള്‍ ഉപയോഗിച്ച് മോടി കൂട്ടുകയും ആടയാഭരണങ്ങള്‍ ചെമ്പിലും അലുമിനിയം പൊതിഞ്ഞും ചെയ്യുകയുണ്ടായി. നാലു മാസത്തിലധികം സമയമെടുത്തു ചുമര്‍ചിത്രം പൂര്‍ത്തീകരിക്കാന്‍.
Post Your Comments