നിലന്പൂര്‍: രോഗിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. പൂക്കോട്ടുംപാടം കവളമുക്കട്ട മച്ചിങ്ങല്‍ ആയിഷ (52)യ്ക്കാണ് നിലന്പൂര്‍ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്റെ അബദ്ധം മൂലം രണ്ടു കാലിനും ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നത്. ഇടതുകാലിനു പകരം വലതുകാലിലാണ് ശസ്ത്രക്രിയ നടത്തിയത്. അബദ്ധം മനസിലായതോടെ ഇടതുകാലിനും ശസ്ത്രക്രിയ ചെയ്തു.
ഇടതുകാലിൽ രണ്ടു വർഷം മുൻപ് ഇട്ട കമ്പിയെടുക്കാൻ വേണ്ടിയായിരുന്നു ജില്ലാ ആശുപത്രിയില്‍ എത്തിയത്. എന്നാൽ പ്രമേഹം കൂടിയതിനാല്‍ ഒരാഴ്ച കിടക്കണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചു. പിന്നീട് ബുധനാഴ്ച എക്സറേ എടുക്കുകയും ഡോക്ടര്‍ പരിശോധിച്ചു ബുധനാഴ്ച തന്നെ ശസ്ത്രക്രിയ ചെയ്യാമെന്നു ഏല്ക്കുകയും ചെയ്തു. രാവിലെയോടെ ഓപ്പറേഷന് തിയറ്ററില്‍ കയറ്റി ആയിഷയുടെ ഇടതുകാലിനു പകരം വലതുകാലിനു ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ശസ്ത്രക്രിയക്കിടെ കാലുമാറിയിട്ടുണ്ടെന്നു ആയിഷ പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല. അബദ്ധം മനസിലായതോടെ വലതുകാല്‍ തുന്നിക്കെട്ടി ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തി കന്പി പുറത്തെടുത്തു. ഇതോടെ രണ്ടു കാലിലും ശസ്ത്രക്രിയ നടത്തിയതിനാല്‍ അനങ്ങാനാകാതെ കിടക്കുകയാണ് ആയിഷ. വലതുകാലില്‍ നിന്നു രക്തം നില്‍ക്കുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അധികൃതര്‍ക്കു പരാതി നല്‍കാനിരിക്കുകയാണ് ബന്ധുക്കള്‍.
Post Your Comments