Latest NewsIndia

മിഷേലിനു വേണ്ടി ഹാജര്‍ ആയ മലയാളി അഭിഭാഷകനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കരാറിനായി 350 കോടി രൂപ നല്കാന്‍ ഇടനിലക്കാരനായി നിന്ന കേസിലെ പ്രധാനി ക്രിസ്റ്റിന്‍ മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായ മലയാളി അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ആല്‍ജോ കെ.ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

YOUTH CONGRESS ALJO JOSEPH

യൂത്ത് കോണ്‍ഗ്രസ് നിയമ വിഭാഗം മേധാവി കൂടിയാണ് ഇദ്ദേഹം. യൂത്ത് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ സ്വന്തം തീരുമാനത്തിലാണ് ആല്‍ജോ കോടതിയില്‍ മിഷേലിനുവേണ്ടി ഹാജരായതെന്നും അതിനാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായും എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു ഔദ്യോഗികമായി അറിയിച്ചു.

മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവരാണു ആല്‍ജോക്കു പുറമെ മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായത്. ദുബായ് കോടതിയില്‍ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏല്‍പിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും ആല്‍ജോ പറഞ്ഞു.

എന്നാല്‍ ആല്‍ജോ കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവര്‍ക്കും എതിരായ രാഷ്ട്രീയ ആയുധമായി ബിജെപി മാറ്റി. മിഷേലുമായി കോണ്‍ഗ്രസിനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആല്‍ജോയുടെ ഇടപെടലെന്നും ബിജെപി ആരോപിച്ചു. നിയമസഭയിലേക്കും ലോക്‌സഭായിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയ വേളയില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായയെ ചോദ്യം ചെയ്യുന്ന കേസുകളില്‍ ഹാജരാകരുതെന്നും പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകര്‍ക്കു ദേശീയ നേതൃത്വം മുന്‍പു നിര്‍ദേശം നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ആല്‍ജോ മിഷേലിന് വേണ്ടി ഹാജരായതും സംഭവം വിവാദമായതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button