ചിങ്ങപുരം : വീടുകളിൽ വായനാ വസന്തം തീർത്ത് വേറിട്ട മാതൃകയുമായി കോഴിക്കോട്ട് ഒരു വിദ്യാലയം. വന്മുകം-എളമ്പിലാട് സ്കൂളാണ് ചരിത്രത്തിൽ ഇടം നേടിയത്. കുടുംബത്തിലെ എല്ലാവർക്കും വായിക്കാൻ പുസ്തക ശേഖരവുമായി വിദ്യാർത്ഥികളുടെ ലൈബ്രറിയെന്ന ആശയം ശ്രദ്ധ നേടുന്നു. കോഴിക്കോട് മൂടാടി ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളാണ് വിദ്യാർത്ഥികൾക്ക് ഹോം ലൈബ്രറിയൊരുക്കി വേറിട്ട മാതൃകയാവുന്നത്. വായിക്കാനായി പുസ്തകങ്ങൾ വാങ്ങി നൽകുന്ന രക്ഷിതാക്കൾക്ക് വായനാ വസന്തമൊരുക്കുകയാണ്.
“അമ്മ വായന, കുഞ്ഞു വായന,കുടുബവായന എന്ന പദ്ധതിയിലൂടെ ഇവിടുത്തെ കുരുന്നുകൾ. പാO പുസ്തകത്തിൽ ചുരുണ്ടു കൂടുന്ന പുസ്തക പുഴുക്കളല്ല; പാഠങ്ങൾക്കും പ0നത്തിനുമപ്പുറം തങ്ങളുടെ കൊച്ചു വീടുകളിൽ വായനയുടെ വസന്തം സൃഷ്ടിക്കാൻ അക്ഷരക്കൂടുകൾ ഒരുക്കിയ മാതൃകാ വിദ്യാലയത്തിലെ കുരുന്നുകളാണിവർ. അനുദിനം മൂല്യച്യുദി സ0ഭവിച്ച് കൊണ്ടിരിക്കുന്ന സംസ്കാരത്തെ തിരിച്ച് പിടിക്കാൻ ഒരു വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അവരുടെ വീടുകളിൽ സ്വന്തമായി ലൈബ്രറികൾ ഒരുക്കിയെന്ന അപൂർവ്വ നേട്ടത്തിന് ഉടമകളായിരിക്കുകയാണ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ.
പാഠപുസ്തകങ്ങൾക്കപ്പുറം അക്ഷരവെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ വീട്ടു വായനശാലകൾക്ക് കഴിയുമെന്ന ആശയത്തിൽ നിന്നാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ലൈബ്രറികൾ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ എന്ന പദവി ഇവർ സ്വന്തമാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ് മുറികളോ, മറ്റു ഹൈടെക് സൗകര്യങ്ങളൊന്നുമില്ലാതെ പുസ്തകങ്ങളിലൂടെ അറിവിന്‍റെ ലോകത്ത് തങ്ങളുടെതായ ഇടം കണ്ടെത്തുക മാത്രമല്ല ,വീട്ടിലെ അമ്മയും മുത്തച്ഛനും ഉൾപ്പെടെയുള്ള അംഗങ്ങളിൽ പോലും വായനാശീലം വളർത്തിയെടുക്കുക കൂടിയാണ് ഹോം ലൈബ്രറി പദ്ധതിയെന്ന സ്വപ്നത്തിലൂടെ വിദ്യാർത്ഥികൾ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
കേവലം 73 കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് സംസ്ഥാനത്തെ മറ്റേത് വിദ്യാലയങ്ങൾക്കും അവകാശപ്പെടാനാവാത്ത സംരoഭത്തിലൂടെ മാതൃക സൃഷ്ടിച്ച് നാടിന് അഭിമാനവും മാതൃകയുമായിരിക്കുകയാണ്. ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള 73 കുട്ടികളുടെ വീടുകളിലും ലൈബ്രറികൾ സ്ഥാപിച്ച് കഴിഞ്ഞു. എല്ലാ വിദ്യാർത്ഥികളുടെയും ലൈബ്രറികളിലായി ആകെ 4218 പുസ്തകങ്ങളുണ്ട്. കഴിഞ്ഞ വായനാദിനത്തിൽ (ജൂൺ 19)സ്കൂൾ ഡപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസിന്റെ വീട്ടിൽ നിന്ന് തുടങ്ങി ഈ പദ്ധതിയുടെ സമ്പൂർണ്ണ പ്രഖ്യാപനം കഴിഞ്ഞ നവംബർ 10 ന് കെ.ദാസൻ MLA നിർവ്വഹിച്ചു.
ആദ്യഘട്ടത്തിൽ കുട്ടികൾ തന്നെ പുസ്തകങ്ങൾ ശേഖരിക്കുകയും, രണ്ടാം ഘട്ടത്തിൽ സ്കൂളിൽ നിന്ന് മുഴുവൻ കുട്ടികൾക്കും പുസ്തക കിറ്റ് കൈമാറുകയും ചെയ്തു. ഇപ്പോൾ ഓരോ ലൈബ്രറികളിലും ചുരുങ്ങിയത് 50 പുസ്തകങ്ങളെങ്കിലുമുണ്ട്. ഇരുന്നൂറ്റി അമ്പത് പുസ്തകങ്ങൾ വരെ ഉള്ള ലൈബ്രറികളുമുണ്ട്.ലൈബ്രറിയുടെ ഗുണം മനസ്സിലാക്കിയതോടെ പിറന്നാൾ ദിനത്തിലും, വിശേഷ ദിവസങ്ങളിലും പുസ്തകങ്ങൾ വാങ്ങി നൽകി രക്ഷിതാക്കളും വിദ്യാർത്ഥികൾക്കൊപ്പം ചേർന്നു.
ഓരോരുത്തരുടെയും ലൈബ്രറിക്ക് പ്രത്യേക പേരും, റജിസ്റ്ററും, പുസ്തകങ്ങൾക്ക് നമ്പറും തയ്യാറാക്കിക്കൊണ്ട് യഥാര്‍ത്ഥ ലൈബ്രറിയുടെ നടപടിക്രമങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് തയ്യാറാക്കിയത്. ഹോം ലൈബ്രറികളിൽ നിന്ന് പുസ്കങ്ങൾ വായിച്ച് അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും പ്രത്യേകം – പ്രത്യേകം വായനാ കുറിപ്പുകളുടെ സമാഹാരങ്ങൾപുറത്തിറക്കിയിട്ടുണ്ട്.
എല്ലാ വെള്ളിയാഴ്ചയും ഹോം ലൈബ്രറി ബന്ധിത മത്സരങ്ങൾ എല്ലാ ക്ലാസുകളിലും നടക്കുന്നുണ്ട്. മത്സര വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി വരുന്നു. മികച്ച പ്രോജക്ടുകൾക്ക് SSA ഏർപ്പെടുത്തിയ സർഗ്ഗ വിദ്യാലയ പുരസ്കാരം ഹോം ലൈബ്രറി പ്രോജക്ടിന് ലഭിച്ചിട്ടുണ്ട്. കാർഷിക, ജീവകാരുണ്യ, കലാ-കായിക മേഖലകളിലെല്ലാം ഇവിടുത്തെ കുട്ടികളുടെ അടയാളപ്പെടുത്തലുകൾ ശ്രദ്ധേയമാണ്.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, പി.ടി.എ.പ്രസിഡൻറ് എൻ. ശ്രീഷ്ന, എസ്.ആർ.ജി കൺവീനർ പി.കെ.അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നാടിന്റെ പിന്തുണയോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്. കോഴിക്കോടിന്റെ ഉൾപ്രദേശത്തെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ വിദ്യാലയം ഇന്ന് വായനയുടെ വെള്ളിവെളിച്ചത്തിലൂടെ രാജ്യത്തിന് തന്നെ നല്ലപാഠം പകരുകയാണ്.
Post Your Comments