കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാംത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസിന്റേയും വനിതാസെല്ലിന്റേയും സമയോചിതമായ ഇടപെടലാണ് മാനസികമായി ഏറെ തളര്‍ന്ന കുട്ടി മനസ്സില്‍ ഒളിപ്പിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ നിര്‍ണായകമായത്. അനുസരണയില്ലെന്നും സ്കൂളില്‍ പോകാന്‍ താത്പര്യം ഇല്ലെന്നും പറഞ്ഞ മകളെയും കൊണ്ട് വനിതാ സെല്ലില്‍ എത്തിയ അമ്മയ്ക്ക് അറിയില്ലായിരുന്നു മകള്‍ ഒളിപ്പിച്ചു വച്ചിരുന്നത് വലിയൊരു പീഡനത്തിന്റെ കഥയായിരുന്നെന്ന്.
കഴിഞ്ഞ ദിവസമാണ് അമ്മയ്ക്കും സഹോദരനുമൊപ്പം പെണ്‍കുട്ടി വനിതാ സെല്ലില്‍ എത്തുന്നത്. ഇത്രയും കാലം വീട്ടുകാരില്‍ നിന്ന് പീഡന വിവരം മറച്ചുവച്ച പെണ്‍കുട്ടി സെല്ലിലെ പോലീസുകാര്‍ ഏറെ നേരം സംസാരിച്ചതോടെ സത്യം തുറന്നു പറയുകയായിരുന്നു. വ്യാജ ഫേസ്ബുക്കില്‍ വ്യാജ ഐഡിയില്‍ പ്രചരിച്ചിരുന്ന അഞ്ജന എന്ന സ്ത്രീയുമായുള്ള ബന്ധമാണ് കൂട്ട ബലാത്സംഗം വരെ എത്തിയത്. ഫേസ്ബുക്ക് വഴി സ്ത്രീയും അവരുടെ സഹോദരനുമായി ചാറ്റ് ചെയ്യാറുള്ള പെണ്‍കുട്ടി ഇവരെ കാണാന്‍ പറശ്ശിനിക്കടവില്‍ എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്.
പറശ്ശിനിക്കടവില്‍ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ഇരുപതിലേറെ വ്യക്തികളെ കുറിച്ചാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസിന് കേസ് കൈമാറുകയും അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.
അതേസമയം വളരെ ചെറിയ പ്രായത്തില്‍ ഒരു ബന്ധുതന്നെ പീഡിപ്പിച്ചതായും പെണ്‍ക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.
അഞ്ജന എന്ന പേരില്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥിപിച്ച് ചാറ്റ് ചെയ്തിരുന്നത് യുവാവായിരുന്നു. എന്നാല്‍ ഇത് കുട്ടിക്ക് അറിയില്ലായിരുന്നു. കൂടാതെ അഞ്ജനയുടെ സഹോദരനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അടുത്തെത്തിയ യുവാവ് വീണ്ടും കൂടുതല്‍ അടുപ്പം നേടുകയായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായതോടെ ഇവരെ കാണാനെത്തിയ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും തുടര്‍ന്ന് ഇവകാട്ടി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
Post Your Comments