കണ്ണൂർ: ഉദ്ഘാടന ദിവസം തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസും തുടങ്ങും. കിയാൽ ഡിസംബർ ഒൻപതിനു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നു മട്ടന്നൂരിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ഉദ്ഘാടന യാത്ര നടത്തുന്നത്. രാവിലെ പത്തിനു പുറപ്പെട്ടു രാത്രി ഏഴിനു തിരിച്ചെത്തും. ഇതേ വിമാനം മറ്റു ദിവസങ്ങളിൽ രാവിലെ 9നു പുറപ്പെട്ടു രാത്രി 8.20നു തിരിച്ചെത്തും.
ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ സർവീസുണ്ട്. മസ്കത്ത് സർവീസും ആരംഭിക്കും. ആഴ്ചയിൽ നാലു ദിവസമുള്ള ഷാർജ വിമാനം പിന്നീടു ദിവസേനയാകും. വിദേശ വിമാനക്കമ്പനികൾക്കു സർവീസ് നടത്താനും താമസിയാതെ അനുമതി ലഭിക്കുമെന്നാണു കരുതുന്നതെന്ന് എംഡി പറഞ്ഞു.
ഗോ എയർ കമ്പനി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ആഭ്യന്തര സർവീസ് തുടങ്ങാൻ അനുമതി തേടിയിരിക്കുന്നത്. ഇൻഡിഗോ ജനുവരിയിൽ സർവീസ് തുടങ്ങും. ജനുവരിയോടെ ദിവസം ശരാശരി 12 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണു പ്രതീക്ഷ. ചെക്ക് ഇൻ എളുപ്പമാക്കുന്ന ഇൻലൈൻ എക്സറേ സംവിധാനം, സെൽഫ് ചെക്ക് ഇൻ മെഷീൻ, സെൽഫ് ബാഗേജ് ഡ്രോപ് മെഷീൻ എന്നിവ പുതുമകളാണ്. കാർഗോ കോംപ്ലക്സ് ഒന്നര വർഷത്തിനകം പൂർത്തിയാക്കും.
Post Your Comments