തിരുവനന്തപുരം: ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജിപിഎസ് നിര്‍ബന്ധമാക്കുന്നു. 2019 ജനുവരി ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഈ നിയമം ബാധകമാകുന്നത്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) നിർബന്ധമാക്കുന്നത്.
ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ഈ നിയമം ബാധകമാക്കുന്ന കാര്യം അതാത് സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. അതേസമയം കേരളത്തിലെ എല്ലാ സ്കൂൾ വാഹനങ്ങളിലും ജിപിഎസ് സംവിധാനം ഒക്ടോബറിൽത്തന്നെ നിർബന്ധമാക്കിയിരുന്നു.
സ്കൂൾ വാഹനങ്ങൾ കൂടുതലായും അപകടത്തിൽ പെടുന്നതും കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.ജിപിഎസ് സംവിധാനമുള്ള ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം നിരീക്ഷിക്കാനാവും.
കുട്ടികൾക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ഈ ജിപിഎസിലുണ്ട്. 6.41 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി മുടക്കിയത്.
Post Your Comments