ഇന്ത്യ കണ്ട് എക്കാലത്തേയും മികച്ച ഇടംകൈയ്യാനായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ പ്രധാനി ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ത്ത ഇന്നലെ ഔദോഗികമായി ക്രിക്കറ്റ് ലോകം അംഗീകരിച്ചു. ഹൃദയഭേദകമായ വേദനയോടെയായിരിക്കുംഏറ്റവും കഠിനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന ആമുഖത്തോടെയായിരുന്നു ഗൗതം ഗംഭീറിന്റെ വിടവാങ്ങള്‍ പ്രഖ്യാപനം. സൗരവ് ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ ഇടംകൈയന്‍ ഓപ്പണറായിരുന്നു ഗംഭീര്‍. 14 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം പാഡഴിക്കുന്നത്.
ആഭ്യന്തര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി മികവു തെളിയിച്ചിട്ടും ദീര്‍ഘകാലം ഇന്ത്യന്‍ ടീമിനു പുറത്തായിരുന്നു ഗംഭീര്‍. 2016ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇദ്ദേഹം അവസാന ടെസ്റ്റ് കളിച്ചത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗൗതം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം താരം ആരാധകരെ അറിയിച്ചത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൌതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2003 ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഗംഭീറിന്റെ ക്രിക്കറ്റിലെ അരങ്ങേറ്റം.
ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. വീരേന്ദര്‍ സെവാഗുമൊത്തുള്ള ഇന്നിംഗ്‌സുകളാണ് ഗംഭീറിനെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധനാക്കിയത്. ഐപിഎല്ലിലും തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 2012ലും 2014ലും ചാമ്പ്യന്‍മാരാക്കി. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരവും ഗൗതം ഗംഭീര്‍ തന്റെ മികച്ച പ്രകടനത്തിലൂടെ നേടി എടുത്തിട്ടുണ്ട്.
നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളും നിരവധി പ്രതിസന്ധികളിലൂടെയാണ് താരം കടന്നുപോയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹിയുടെ നായകനായിരുന്നെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് നായക സ്ഥാനം ശ്രയസ് അയ്യര്‍ക്കു കൈമാറിയിരുന്നു. എങ്കിലും സ്വയം ടീമില്‍നിന്ന് ഒഴിവായ ഗംഭീര്‍ ആരാധകരുടെ കൈയടി വാങ്ങി. അവസാന രണ്ട് വര്‍ഷക്കാലം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഡല്‍ഹി മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക.
Post Your Comments