കൊല്ലം :ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മോഷണശ്രമത്തിനിടയില്‍ തലയടിച്ച് പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഏരൂര്‍ സ്വദേശിനി ആനി ഫിലിപ്പാണ് (62) മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്.വീട്ടമ്മ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രിയില്‍ അടുക്കളഭാഗത്തെ ജനലും ഓടും ഇളക്കി മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴത്തേക്കും മോഷ്ടാക്കള്‍ വീട്ടമ്മയെ കടന്നുപിടിച്ചു വാ മൂടി കെട്ടി കൈകാലുകള്‍ ബന്ധിക്കാന്‍ ശ്രമം നടത്തി.എന്നാല്‍ ചെറുത്തുനിന്ന വീട്ടമ്മയെ മോഷ്ടാക്കള്‍ കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് തലയടിച്ചുപൊട്ടിക്കുകയായിരുന്നു . ആക്രമണത്തിനുശേഷം മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ആക്രമണത്തിന് ഇരയായ വീട്ടമ്മ ഫോണില്‍ കൂടി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി അവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ രക്തം തളം കെട്ടി കിടന്നിരുന്നു. വിരലടയാള വിദഗ്ധരും, സയന്റിഫിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Post Your Comments