Latest NewsCinema

ശാസ്ത്രത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കി മൂന്ന് ചിത്രങ്ങള്‍

തിരുവനന്തപുരം•രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി മൂന്ന് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ പ്രത്യേക ആകര്‍ഷണാകും. ഫ്രഞ്ച് സംവിധായിക ക്ലെയര്‍ ഡെനിസിന്റെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ഹൈ ലൈഫ്, അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം ബോര്‍ഡര്‍, ഫ്രഞ്ച് സംവിധായന്‍ ക്വാര്‍ക്‌സിന്റെ ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

ലൊക്കാര്‍ണോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ലേപാര്‍ഡ് പുരസ്‌കാരം നേടിയ ക്ലെയര്‍ ഡെനിസിന്റെ ഹൈ ലൈഫ് ബഹിരാകാശ ദൗത്യത്തിലേര്‍പ്പെടുന്ന ഒരു സംഘം കുറ്റവാളികളുടെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുന്നു.

കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ നേടിയ ബോര്‍ഡര്‍ അയ്വിദേ ലിന്‍ഡ്ക്വീസ്റ്റിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ്. ഗന്ധം കൊണ്ട് കുറ്റവാളികളെ തിരിച്ചറിയുന്ന പ്രത്യേക സിദ്ധിയുള്ള അതിര്‍ത്തി കാവല്‍ക്കാരിയുടെ കഥ പറയുന്ന ചിത്രം അക്കാദമി പുരസ്‌കാരത്തിലെ മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള സ്വീഡന്റെ ഔദ്യോഗിക നാമനിര്‍ദ്ദേശം കൂടിയാണ്.

ഭിന്ന ശേഷിക്കാരിയായ സഹോദരിയും അവളെ സംരക്ഷിക്കുന്ന സഹോദരനുമാണ് ആള്‍ ദ ഗോഡ്സ് ഇന്‍ ദ സ്‌കൈയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹോദര സ്‌നേഹവും പ്രാരാബ്ധങ്ങളും വിഷയമാകുന്ന ചിത്രം കഥാപാത്രങ്ങളുടെ വിഭ്രമാത്മകമായ മാനസിക മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്നു.

ഹൈ ലൈഫ് ഡിസംബര്‍ ഏഴിന് ധന്യയില്‍ മൂന്ന് മണിക്കും ബോര്‍ഡര്‍ ടാഗോറില്‍ 2.15 നും ആള്‍ ദ ഗോഡ്‌സ് ഇന്‍ ദ സ്‌കൈ ഡിസംബര്‍ എട്ടിന് ന്യൂ സ്‌ക്രീന്‍ മൂന്നില്‍ 12.15 നും ആദ്യ പ്രദര്‍ശനം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button