ന്യൂഡല്‍ഹി: ഒരേ ഗാനം തുടര്‍ച്ചയായി ആവശ്യപ്പെട്ട യുവാക്കള്‍ക്കെതിരെ ഡിസ്കോ ജോക്കി (ഡിജെ) യുടെ ആക്രമണം. ഡല്‍ഹിയിലെ പാലം ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഒരേ ഗാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഡിജെയായ അക്ഷയ് (19) യുവാക്കള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശങ്കി ഭരദ്വാജ് (23), തുഷാര്‍ ഭരദ്വാജ് (16) എന്നിവര്‍ക്കു നേരെയാണ് അക്ഷയ് വെടിയുതിര്‍ത്തത്.
‘തമാശേ പേ ഡിസ്കോ’ എന്ന ഹിന്ദി ഗാനമാണ് ശങ്കിയും ബന്ധു തുഷാറും ആവര്‍ത്തിച്ച് പ്ലേ ചെയ്യാന്‍ അക്ഷയോട് ആവശ്യപ്പെട്ടത്. എന്നാല്‍ പല തവണ ഒരേ പാട്ട് പ്ലേ ചെയ്തപ്പോള്‍ കലിമൂത്ത അക്ഷയ് ശങ്കിയും തുഷാറുമായി തര്‍ക്കത്തിലായി. പിന്നീടിത് വെടിവെയ്പ്പില്‍ കലാശിക്കുകയായിരുന്നു.
തര്‍ക്കം നടന്നതിനു പിന്നാലെ അക്ഷയ് തന്റെ സുഹൃത്തുക്കളായ സഞ്ജയ് ശര്‍മ്മ (29), ആശിഷ് ശര്‍മ്മ (23) എന്നിവരെ പരിപാടി നടക്കുന്നിടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് പാട്ട് ആവശ്യപ്പെട്ട യുവാക്കള്‍ക്കു നേരെ വെടിയുതിര്‍ത്ത്ത്. പോലീസ് എത്തുമ്പോള്‍ ഇരുവരും സ്വിമ്മിംഗ് പൂളിന്റെ സമീപത്തായി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. അതേസമയം വെടിയേറ്റവരുടെ നില ഗുരുതരമല്ല.
Post Your Comments