റിയാലിറ്റി ഷോയ്ക്കിടെ തലയ്ക്കു പരുക്കേറ്റ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആശുപത്രിയിൽ. ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. തുടർന്ന് കുളിമുറിയിൽ കയറിയിരുന്ന് കരഞ്ഞ ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരിൽ ഇടിക്കുകയായിരുന്നു. ഇതോടെ ആരാധകരും പരിഭ്രാന്തിയിലായി.
തുടർന്ന് ശ്രീശാന്ത് സുഖമായിരിക്കുന്നു എന്ന് വ്യക്തമാക്കി ഭാര്യ ഭുവനേശ്വരി ട്വീറ്റ് ചെയ്യുകയുണ്ടായി. ‘‘ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോൾ ഭയപ്പെട്ടു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാൽ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇപ്പോൾ തിരിച്ചെത്തി. പേടിക്കാൻ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി’’യെന്ന് ഭുവനേശ്വരി വ്യക്തമാക്കി.
Post Your Comments