തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്കി നായര്‍ സര്‍വീസ് സൊസൈറ്റി. ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാതിരുന്ന നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും ബിജെപി/ആർ എസ് എസ് എന്നു കേള്‍ക്കുമ്പോള്‍ മുമ്പുണ്ടായിരുന്ന ഭയം ഇപ്പോഴില്ലെന്നും എന്‍എസ്എസ് പ്രസിഡണ്ട് നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ മുദ്രാവാക്യം സമദൂരമാണ്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കും.
നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും എന്‍എസ്എസ് പ്രസിഡന്റ് പറഞ്ഞു. പുലിയൂര് ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട് ഭക്തര്‍ക്കു ദര്‍ശനം നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കി നല്‍കേണ്ടത്. ശബരിമല വിഷയത്തില്‍ ചില പാര്‍ട്ടികളുടെ സമരം പ്രസ്താവനകളിലും ജാഥകളിലും ഒതുങ്ങി.
സന്നിധാനത്ത് ആചാരലംഘനം നടത്താനെത്തിയ സ്ത്രീകളെ തടയാന്‍ കഴിഞ്ഞതു കുറച്ചു പിള്ളേര് മുന്നില്‍ പോയി കിടന്നു തല്ലുകൊണ്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് കെ സുരേന്ദ്രന് എന്തു തെറ്റു ചെയ്തിട്ടാണു കേസില്‍ പ്രതിയായത്. ആര്‍എസ്എസ്, ബിജെപി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുന്‍പു ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് എന്തിനാണു ധൃതിയെന്നും ഗോപിനാഥന് നായര്‍ ചോദിച്ചു.
നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമാധാനപരമായ അന്തരീക്ഷത്തില്‍ ദര്‍ശനം സാധ്യമാകുകയുള്ളു. ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചത് തെറ്റാണ്. രാജ്യത്തെ ഒരു ആരാധനാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ല എന്ന് നേരത്തെ ജി സുകുമാരൻ നായരും പറഞ്ഞിരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ക്കുന്ന നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ല.
ശബരിമല വിഷയത്തില്‍ പൊതുസമവായത്തില്‍ എത്തുന്നതിന് വേണ്ടിയാണ് നവോത്ഥാന സംഘടനകളെ ഒത്തുചേര്‍ത്തുകൊണ്ട് യോഗം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. ഇരുനൂറോളം സംഘടനകളെ ഇത്തരത്തില്‍ ഇന്നത്തെ യോഗത്തില്‍ ക്ഷണിക്കുകയും ചെയ്തു. അതേസമയം, യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം കോര്‍കമ്മിറ്റിയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് എസ്.എന്‍.ഡി.പി അറിയിച്ചു. യോഗക്ഷേമ സഭാ നേതാക്കളടക്കം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതോടൊപ്പം ശബരിമല പ്രശ്നത്തില്‍ ബി.ജെ.പിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കല്‍ കൂടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.എന്നാൽ എൻ എസ് എസ് ഇടഞ്ഞു തന്നെയാണ് നിൽക്കുന്നതെന്ന് വ്യക്തം. ചര്‍ച്ചയില്‍ നിന്ന് എന്‍.എസ്.എസ് വിട്ടുനില്‍ക്കുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Post Your Comments