Latest NewsKerala

ടിക്കറ്റ് വെട്ടിപ്പ് ; കെ.എസ്.ആര്‍.ടിസി കണ്ടക്ടര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി

തിരുവനന്തപുരം: ടിക്കറ്റ് വെട്ടിക്കുന്ന കെ.എസ്.ആര്‍.ടിസി കണ്ടക്ടര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി.  കണ്ടക്ടർമാർക്കെതിരെയുള്ള പണാപഹരണകേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ എം.ഡിയുടെ നിര്‍ദേശം. നിര്‍ദേശമുണ്ടായി മണിക്കൂറുകള്‍ക്കകം ബംഗളൂരു – നിലമ്ബൂര്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസിലെ കണ്ടക്ടര്‍ എം.എം.ഇബ്രിഹിമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നിലമ്ബൂര്‍ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 28ന് ബംഗളൂരുവില്‍ നിന്ന് നിലമ്ബൂരിലേക്ക് വരികയായിരുന്ന ബസിലെ രണ്ട് യാത്രക്കാരില്‍ നിന്നായി 813 രൂപ അപഹരിച്ച സംഭവത്തിലാണ് കേസെടുത്തത്. ബസ് യാത്രക്കാരിലൊരാള്‍ കണ്ടക്ടറുടെ തട്ടിപ്പിന്റെ വീഡിയോ വാട്ട്സ് ആപ്പ് വഴി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കൈമാറിയതാണ് കേസെടുക്കാന്‍ കാരണമായത്.

തട്ടിപ്പ് ബോദ്ധ്യപ്പെട്ട എം.ഡി വീഡിയോ കെ.എസ്.ആര്‍.ടി.സി വിജിലന്‍സിന് കൈമാറുകയും ബസില്‍ മിന്നല്‍ പരിശോധന നടത്തിയ സംഘം തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നിലമ്ബൂര്‍ എ.ടി.ഒയോട് സംഭവം സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. എ.ടി.ഒ സുരേഷ് നിലമ്ബൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുപ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്നലെ എം.ഡി ടോമിന്‍ തച്ചങ്കരി നേരിട്ട് എസ്.ഐയോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

കെ.എസ്.ആ‌ര്‍.ടി.സിയില്‍ ടിക്കറ്റിനത്തിലോ അല്ലാതെയോ ഉള്ള പണാപഹരണ കേസുകളില്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് അനുസരിച്ചാകും കേസെടുക്കുക. ഇത്തരം സംഭവങ്ങളില്‍ യൂണിറ്റ് മേധാവികള്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് അന്നേദിവസം തന്നെ എക്സിക്യുട്ടീവ് ഡയറക്ടര്‍ വിജിലന്‍സ്, ഡി.ജി.എം ഓപ്പറേഷന്‍സ് എന്നിവര്‍ക്ക് കൈമാറണമെന്നും എം.ഡി നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button