Latest News

ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് ഗവര്‍ണറെത്തിയ ഹെലികോപ്റ്ററില്‍

ഇറ്റാനഗർ : പൂർണ ഗർഭിണിയെ ആശുപ്രതിയിലെത്തിക്കാൻ ഗവർണർ ഹെലികോപ്റ്റർ വിട്ടുനൽകി. അരുണാചൽ പ്രദേശ് ഗവർണർ റിട്ട. ബ്രിഗേഡിയർ ബി.ഡി. മിശ്രയാണു സമയോചിത പ്രവർത്തനത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത്.

ആശുപത്രിയിൽ എത്തിച്ച യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.തവാങ്ങിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ. ഒരു ഗർഭിണി ഗുരുതരാവസ്ഥയിലാണെന്നും ഗുവാഹത്തിയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് മുടങ്ങിയതിനാൽ ആശുപതിയിൽ എത്തിക്കാനാകുന്നില്ലെന്നും സ്ഥലം എംഎൽഎ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിനോടു പറയുന്നത് ഗവർണർ കേൾക്കാനിടയായി.

തുടർന്ന് തന്റെ ഹെലികോപ്റ്ററിൽ ഗർഭിണിയെയും ഭർത്താവിനെയും ആശുപത്രിയിലെത്തിക്കാമെന്ന് ഗവർണർ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തവാങ്ങിൽ നിർത്തിയാണ് ഇവരെ കയറ്റിയത്. തവാങ്ങിൽനിന്ന് ഇറ്റാനഗറിലേക്ക് 200 കിലോമീറ്ററേയുള്ളൂവെങ്കിലും റോഡ് മാർഗം പോകാൻ 15 മണിക്കൂർ വേണം. ഹെലികോപ്റ്ററിൽ 2 മണിക്കൂറും. യാത്രയ്ക്കിടെ അസമിലെ തേസ്പുരിൽ കോപ്റ്റർ ഇന്ധനം നിറയ്ക്കാനിറക്കി.

ഇന്ധനം നിറയ്ക്കുന്നതിനിടയിൽ കോപ്റ്ററിനു തകരാറുള്ളതായി പൈലറ്റ് കണ്ടെത്തിയതോടെ യാത്ര മുടങ്ങി. സ്ഥിതി ഗുരുതരമായതിനാൽ തേസ്പുരിലെ വ്യോമതാവളത്തിലേക്കു ഗവർണർ നിർദേശം നൽകി അടിയന്തരമായി മറ്റൊരു കോപ്റ്റർ എത്തിച്ചു. ഇരുവരെയും ഇറ്റാനഗറിലേക്ക് അയച്ച ശേഷം മറ്റൊരു കോപ്റ്ററിലാണു ഗവർണർ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button