തിരുവനന്തപുരം: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനാ വിമാനം ഉപയോഗിച്ചതിന് കൂലി നല്‍കേണ്ടത് കേരളമെന്ന് കേന്ദ്രം. സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണനിധി(എസ്.ഡി.ആര്.എഫ്.)യില്‍നിന്നാണ് പണം നല്‍കേണ്ടത്. വ്യോമസേനയ്ക്കുള്‍പ്പെടെ നല്‍കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വിശദമായ കത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കി.എയര്‍ഫോഴ്സ് അക്കൗണ്ട്സ് ഡയറക്ടറേറ്റില്‍നിന്ന് ഓഗസ്റ്റ് 11 വരെയുള്ള കണക്കുപ്രകാരം 33.79 കോടി രൂപയുടെ ബില്ലാണ് നല്‍കിയത്. അതിനുശേഷവും വിമാനം ഉപയോഗിച്ചിട്ടുണ്ട്. ഇതനുസരിച്ച് 75 കോടിയെങ്കിലും നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഓരോ വിമാനത്തിന്റെയും ചെലവ് എയര്‍ഫോഴ്സ് അക്കൗണ്ട്സ് ഡയറക്ടേറ്റിനാണ് നല്‍കുക. അവരാണ് ബില്ല് സംസ്ഥാനത്തിന് കൈമാറുന്നത്. ദേശീയ ദുരന്തപ്രതികരണ ഫണ്ടില്‍നിന്ന് കേന്ദ്രം അനുവദിക്കുന്ന തുകയില്‍നിന്ന് ഇതു നല്‍കണമെന്നാണ് കത്തിലെ നിര്‍ദേശം. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായി ചോദിച്ചിട്ടും 600 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച ബാധ്യതകളുടെ കണക്ക് മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. ഓഖി ദുരന്തസമയത്ത് ഉയോഗിച്ച ഹെലികോപ്ടറിന്റെ തുകയായി 5.63 കോടി രൂപ നല്‍കണമെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെലികോപ്ടറുകളും വിമാനങ്ങളുമുള്‍പ്പെടെ 56 എണ്ണമാണ് പ്രളയസമയത്ത് കേരളത്തിന് സഹായത്തിനെത്തിയത്. തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളില്‍നിന്നു തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ചിലവുമുതലാണ് കേരളം വഹിക്കേണ്ടത്്. എന്നാല്‍ സാലറി ചലഞ്ചിലടക്കം 2683.18 കോടിരൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇതില്‍ 688.48 കോടി രൂപ ചിലവാകുകയും വീടുനിര്‍മാണത്തിന് 1357 കോടി രൂപ ചിലവ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ നിലയ്ക്ക് എല്ലാ ബാധ്യതകളും തീര്‍ക്കാന്‍ കേരളത്തിന് 706.74 കോടി രൂപകൂടി ലഭിച്ചാലേ സാധ്യമാകൂ എന്നുമാണ് സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്.
Post Your Comments