വാഷിംഗ്ടണ്‍: സിനിമാ സീരിയല്‍ കഥകളെ വെല്ലുന്ന തരത്തിലുള്ള അവിശ്വസനീയമായ കഥയാണ് തുടര്‍കൊലകളുടെ സൂത്രധാരനെ കുറിച്ച് അമേരിക്കയില്‍ നിന്നും കിട്ടുന്നത്. 90 പേരെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ലഹരിമരുന്ന് കേസില്‍ 2012ല്‍ ജയിലിലായ സാമുവല്‍ ലിറ്റില്‍ നടത്തിയിരിക്കുന്നത്. ജയിലിലായിരിക്കെ തന്നെ മൂന്ന് സ്ത്രീകളുടെ കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സാമുവല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു.ക്രൂരമായി മര്‍ദ്ദിച്ചും തുടര്‍ന്ന് കഴുത്ത് ഞെരിച്ചുമാണ് മൂന്ന് സ്ത്രീകളെയും താന്‍ കൊന്നതെന്ന് സാമുവല്‍ തുറന്നുസമ്മതിച്ചിരുന്നു എന്ന് എഫ്.ബി.ഐ (ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ)പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
താന്‍ നടത്തിയ ഓരോ കൊലപാതകങ്ങളെയുംകുറിച്ച് സാമുവല്‍ തുറന്നു പറയുകയായിരുന്നു. കഴിഞ്ഞ മെയ്മാസത്തില്‍ എഫ്.ബി.ഐ ക്രൈം അനലിസ്റ്റായ ക്രിസ്റ്റീന പലാസോളോ നടത്തിയ അഭിമുഖത്തിലാണ് സാമുവല്‍ തന്റെ 90 കൊലപാതകങ്ങളെയും കുറിച്ച് വിശദീകരിച്ചത്. സാമുവല്‍ മെക്ഡോവല്‍ കൊന്നതിലേറെയും ലഹരിമരുന്നിന് അടിപ്പെട്ടവരും വേശ്യകളുമായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും കൊലപാതകങ്ങള്‍ ഒരാള്‍ ഒറ്റയ്ക്ക് തുടര്‍ച്ചയായി നടത്തുന്നതെന്നാണ് എഫ്.ബി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കാല ബോക്‌സിങ്ങ് താരമായ ഇയാള്‍ നടത്തിയ കൊലപാതകങ്ങളില്‍ പലതും തെളിയിക്കപ്പെട്ടിട്ടുപോലുമില്ല. 90 പേരില്‍ 34 പേരുടെ കൊലപാതകം മാത്രമാണ് നിലവില്‍ തെളിഞ്ഞിരിക്കുന്നത്.
Post Your Comments