KeralaLatest News

പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പണമില്ലാത്തതുകൊണ്ട് ആര്‍ക്കും ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി സമഗ്ര പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നത്. അത് പൂര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ അനുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ കമ്മിറ്റിയുണ്ടാക്കണം. അവരുടെ സഹായം കൂടിയുണ്ടെങ്കില്‍ ആശുപത്രികളെ മെച്ചപ്പെടുത്താനാകും. ഓരോ പദ്ധതിയ്ക്കും പണം ലഭിക്കുന്ന സമയം വരെ കാത്തിരിക്കാതെ ഇടപെടലിലൂടെ അവ പൂര്‍ത്തിയാക്കണം. ഇതിനെല്ലാം നാടിന്റെ സഹായം നേടാന്‍ കഴിയണം. ചില കമ്പനികളുടെ സിഎസ്ആര്‍ നേടിയെടുക്കാനും സാധിക്കണം. സഹായം സ്വീകരിക്കുന്നതില്‍ ദുരഭിമാനം വെടിയണം. ഇതിലൂടെ മെച്ചപ്പെട്ട സേവനം നേടിയെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ഗുണനിലവാരവും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്. രോഗീസൗഹൃദം എന്ന നിലയില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഏഴുനിലകളിലായാണ് ഇവിടെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചിരിക്കുന്നത്. രോഗികള്‍ക്ക് കൃത്യ സമയത്ത് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഡിയോളജി, കാര്‍ഡിയോ തെറാസിക് സര്‍ജറി, പോളിട്രോമ തുടങ്ങിയ വിവിധ ചികിത്സാവിഭാഗങ്ങളാണ് ഓരോ നിലയിലും പ്രത്യേകമായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുളള 146 തീവ്രപരിചരണ കിടക്കകള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഓപ്പറേഷന്‍ തിയറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ്, പാര്‍ക്കിങ് ഏരിയ, നിലവിലുളള ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യാലിറ്റി യൂണിറ്റിന്റെ വിശാലരൂപത്തിലുളള മള്‍ട്ടി ഡിസിപ്ലിനറി ഐസിയു എന്നിവയും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ക്രമീകരിച്ചിട്ടുണ്ട്.

അതായത്, ഈ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമഗ്രമായ വികസനത്തിന്റെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് ഈ ബ്ലോക്ക് ആരംഭിച്ചതിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആധുനികവും സമഗ്രവുമായ സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ അത് രോഗികള്‍ക്ക് പൂര്‍ണമായി പ്രയോജനപ്പെടുന്നു എന്നുറപ്പുവരുത്തണം. അതിന് സേവനമനോഭാവത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങളാണ് പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭാഗമായ എല്ലാവരില്‍നിന്നും ഉണ്ടാകേണ്ടത്.എടുത്തുപറയേണ്ട ഒരു സൗകര്യം വയോജനങ്ങളുടെ ചികിത്സയ്ക്കും പരിചരണത്തിനും പ്രത്യേകം ശ്രദ്ധ നല്‍കുന്നതിനായി ആരംഭിക്കുന്ന ജീറിയാട്രിക് വിഭാഗമാണ്. വയോജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ദൗത്യം ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.

മുതിര്‍ന്ന പൗരന്മാരായ രോഗികള്‍ക്ക് ആയാസമില്ലാതെ എത്തിച്ചേരാന്‍ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഈ റീജിയണല്‍ ജീറിയാട്രിക് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. അവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സൗകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ഒരുവിധത്തിലുമുളള പ്രയാസങ്ങള്‍ ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലുളള അത്യാധുനിക സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളിലും മറ്റ് ആശുപത്രികളിലും ഏര്‍പ്പെടുത്തിവരുന്നത്. രോഗികള്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയണം. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ചികിത്സ നല്‍കുന്നതില്‍ പൂര്‍ണശ്രദ്ധ പതിപ്പിക്കാന്‍ കഴിയണം. അതിനുവേണ്ടിയാണ് 25 വര്‍ഷത്തെ വികസന സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ ഒരു കരട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഈ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെയും അനുബന്ധ സ്ഥാപനങ്ങളെയും ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തി ജനസൗഹൃദമാക്കുന്നതിനുവേണ്ടി 717 കോടി രൂപയുടെ വികസനപദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ആദ്യഘട്ടമായി 58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍, അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍, ലാബ് എന്നിവ ഉറപ്പുവരുത്താനും റോഡുകളുടെ അപര്യാപ്തത, ഗതാഗതക്കുരുക്ക്, മാലിന്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം പരിഹരിക്കാനും ഉതകുന്ന പദ്ധതികള്‍ കരട് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതിസൗഹൃദപരമായ രീതിയില്‍ ലോകോത്തര നിലവാരത്തില്‍ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉപകരണങ്ങളും ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സുമാണ് ഇവിടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ നവീകരണത്തിന്റെ ഭാഗമായി ഇവിടെ സമ്പൂര്‍ണ ട്രോമാ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പത്തു കോടി രൂപയുടെ അത്യാധുനിക സൗകര്യങ്ങളാണ് അതിനായി ഈ ആശുപത്രിയില്‍ ഒരുങ്ങുന്നത്. സംസ്ഥാനത്ത് ആദ്യമായി റീ-പ്രൊഡക്റ്റീവ് മെഡിസിന്‍ വിഭാഗം എസ്എടിയില്‍ ആരംഭിച്ചിട്ടുണ്ട്. പിഡീയാട്രിക് വിഭാഗത്തില്‍ ആറു കോടി രൂപ ചെലവഴിച്ച് കാത്ത്‌ലാബും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ മറ്റൊരു കാത്ത്‌ലാബിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. കാന്‍സര്‍ രോഗത്തിന് ആര്‍സിസി മോഡല്‍ ചികിത്സയാണ് മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിവരുന്നത്. അതിനോടടുനബന്ധിച്ച് ഈ ആശുപത്രിയിലെ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദരോഗ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിനായി സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പാഥോളജി എന്നീ വിഭാഗങ്ങളില്‍ 105 പുതിയ തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമായ നൂതന റേഡിയേഷന്‍ ചികിത്സക്കായി ലീനിയര്‍ ആക്‌സിലറേറ്റര്‍, കൊമ്പാള്‍ട്ട് എന്നിവ ലഭ്യമാക്കിക്കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സുമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി 225 പുതിയ തസ്തികകളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വലിയ പിന്തുണയുണ്ടായി. സാങ്കേതിക തടസം കാരണം തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ മുടങ്ങിക്കിടക്കുകയായിരുന്നു മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്. അതെല്ലാം പരിഹരിച്ചാണ് ഇപ്പോഴത്തെ നിലയിലെത്തിച്ചത്. നല്ലൊരു ടീം വര്‍ക്കാണ് ഇതിന് പിന്നിലുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടി രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 4000 ഓളം തസ്തികകളാണ് ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചത്. അതില്‍ 2000ത്തോളം തസ്തികകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും അതില്‍ തന്നെ അഞ്ഞൂറെണ്ണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണെന്നും മന്ത്രി പറഞ്ഞു.

സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.എ.ടി. ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മയായ സാത്തീസിന്റെ സംഭാവന 10 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button