Latest NewsIndia

ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പടിയിറക്കം ഇന്ന്

ദില്ലി: ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങുന്നു.
സുപ്രീം കോടതി കൊളീജിയം അംഗം കൂടിയായ ഇദ്ദേഹം അഞ്ചു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ വിധി എഴുതി എന്ന അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്. ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ദിനത്തില്‍ അദ്ദേഹം അവസാനമായ് എഴുതിയത് വധശിക്ഷ നടപ്പാക്കുന്നതിനോടു വിയോജിച്ചുള്ള ന്യൂനപക്ഷ വിധിന്യായം ആയിരുന്നു. കൊച്ചി കാലടി സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം കേരളാ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1979 ല്‍ ആണ് കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാകുന്നത്. 87 ല്‍ ഗവണ്‍മെന്റ് പ്ലീഡറായി.

ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ പടി കയറുന്നത്. ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരസ്യമായി പ്രതികരിച്ചത് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നീതിന്യായ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സംഭവങ്ങളിലൊന്നാണ്. ഇതിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പലപ്പോഴും സ്വന്തം നിലപാടുകള്‍ പരസ്യമായപ്രകടിപ്പിക്കാനും അദ്ദേഹം മടിച്ചില്ല. ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കാന്‍ അദ്ദഹം തയ്യാറായി എന്നതും ശ്രദ്ധേയം.ആയിരത്തിലേറെ വിധികളെഴുതിയ പത്തു ജഡ്ജിമാരുടെ ഗണത്തിലാണു ഇദ്ദേഹത്തിന്റെ സ്ഥാനം. മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മിഷന്‍, കല്‍ക്കരി ഖനന അഴിമതി തുടങ്ങി ഒട്ടേറെ സുപ്രധാനമായ കേസുകള്‍ കൈകാര്യം ചെയ്തു. ഇനി സുപ്രീം കോടതി ബേഞ്ചിലെ ഏകമലയാളി ജസ്റ്റിസ് കെ.എം. ജോസഫ് മാത്രമാണ്. വൈകിട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തിനു യാത്രയയപ്പ് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button