ശബരിമല:നിലയ്ക്കലില്‍ ക്രമസമാധാനപാലന ചുമതലയുള്ള വിവാദ എസ്.പി യതീഷ് ചന്ദ്ര ഇന്നലെ രാത്രി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. ദര്‍ശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതായി ഹൈക്കോടതി വ്യക്തമാക്കിയതോടെ നാണക്കേട് മറയ്ക്കാൻ സന്നിധാനത്ത് വീണ്ടും ഹരിവരാസനം കേൾക്കാനെത്തിയെന്നാണ് യതീഷ് ചന്ദ്ര വിരോധികളുടെ ആരോപണം.
ഇന്നലെയും സന്നിധാനത്ത് നാമജപം നടന്നു. രാത്രി ഒന്‍പതരയോടെ പ്രതിഷേധക്കാര്‍ തന്നെയാണ് നാമജപം നടത്തിയത്. എന്നാല്‍ ശരണം വിളി മാത്രം നിറയുന്ന നാമജപത്തെ പൊലീസ് മൃദു സമീപനത്തോടെ നേരിട്ടു. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് ഹരിവരാസനം തൊഴാന്‍ യതീഷ് എത്തിയത്. പ്രതിഷേധക്കാരുടെ അടുത്തൊന്നും യതീഷ് പോയതുമില്ല. സന്നിധാനത്ത് നിന്ന് ഭക്ഷണം കഴിച്ചായിരുന്നു മടക്കം. ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് യതീഷ് ദര്‍ശനം നടത്തിയത്.
10.45 ഓടെ സോപാനത്തിന്റെ ഓരം ചേര്‍ന്നു നിന്ന യതീഷ്ചന്ദ്ര നട അടയ്ക്കാന്‍ നിമിഷങ്ങളുള്ളപ്പോഴാണ് തൊഴു കൈകളോടെ മുന്നിലേക്ക് വന്നത്. നട അടച്ചയുടന്‍ പടിഞ്ഞാറെ നടവഴി താഴേക്ക് ഇറങ്ങിയാണ് അദ്ദേഹം പോയത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വന്‍ നിര കാത്തു നിന്നെങ്കിലും ആര്‍ക്കും അദ്ദേഹം പിടികൊടുത്തില്ല. നവംബര്‍ 30 വരെ യതീഷ് ചന്ദ്രയ്ക്ക് നിലയ്ക്കലില്‍ ചുമതലയുണ്ടെങ്കിലും അതില്‍ നിന്ന് മാറിയിരുന്നു. ഇന്നലെ പേരെടുത്തു പറയാതെ ഹൈക്കോടതി വിവാദ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
ഉദ്യോഗസ്ഥന്‍ മാപ്പുപറഞ്ഞ് കരയുന്ന അവസ്ഥയിലായിരുന്നു. അതിനാല്‍ തുടര്‍നടപടി വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാലാണ് നടപടി വേണ്ടെന്നുവെച്ചത്. ഉദ്യോഗസ്ഥന്റെ പേരു പറയുന്നില്ല. ഒരുദ്യോഗസ്ഥന്റെ കരിയര്‍ നശിപ്പിക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല. സേനയില്‍ വേറെ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കിട്ടിയില്ലേയെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.ശബരിമല വിഷയത്തില്‍ പൊലീസിന്റെ പല നടപടികളിലും ഹൈക്കോടതി ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Post Your Comments