തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് കേള്‍ക്കാന്‍ കൂടി ക്ഷമ കാണിക്കാതെ കൂകി വിളിച്ചും ബഹളം വെച്ചും പ്രതിപക്ഷം തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സര്‍ക്കാര്‍ നീതി പാലിക്കുകയെന്ന പ്ലെക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.
മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ മുദ്രാവാക്യം വിളി തുടങ്ങി. പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും സിപിഐഎം കള്ളക്കളി നിര്‍ത്തണമെന്നും പ്രതിപക്ഷം പറഞ്ഞു.ചോദ്യോത്തര വേളയുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. പ്ലക്കാര്‍ഡുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു പ്രതിപക്ഷാംഗങ്ങള്‍. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളം ഗൗനിക്കാതെ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിക്കുന്നതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിരുന്നില്ല. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും സഭയില്‍ കറുപ്പണിഞ്ഞാണ് എത്തിയത്. ശബരിമലയെ കലാപഭൂമിയാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ഹൈക്കോടതിയുടെ ആയോഗ്യതയെ സുപ്രീംകോടതിയുടെ സ്റ്റേയിലൂടെ മറികടന്ന കെ എം ഷാജിയും സഭയിലെത്തി. കൈയടിയോടെയാണ് ഷാജിയെ പ്രതിപക്ഷം സ്വീകരിച്ചത്. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് ബഹളം ആരംഭിച്ചത്.
Post Your Comments