Latest NewsSaudi Arabia

അച്ഛന്റെ മൃതദേഹം പോലും കാണാൻ കഴിയാതെ നിയമക്കുരുക്കിൽപ്പെട്ട മലയാളി യുവാവിനെ രക്ഷപ്പെടുത്തി

ദമ്മാം: ആത്മാർത്ഥ സുഹൃത്തിന്റെ സാമ്പത്തികഇടപാടിന് ജാമ്യം നിന്നതിനാൽ നിയമക്കുരുക്കിൽപ്പെട്ടു നാട്ടിൽ പോകാനാകാതെ കുടുങ്ങിപ്പോയ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കോബാർ തുഗ്‌ബെയിൽ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്ന, നിലമ്പൂർ സ്വദേശിയായ ഷിജിത്ത് എന്ന യുവാവാണ് ഒരു സുഹൃത്ത് കാരണം നിയമക്കുരുക്കിൽ കുടുങ്ങിയത്. ആറു മാസം മുൻപ്, ഒരു സാമ്പത്തികസ്ഥാപനത്തിൽ നിന്നും സുഹൃത്ത് എടുത്ത ലോണിന് അറിയാതെ ആൾജാമ്യം നിന്നതാണ് ഷിജിത്തിന്‌ വിനയായത്. പണം താൻ വാങ്ങുന്നതിന് സാക്ഷിയായി ഒപ്പിട്ടു നൽകണമെന്നായിരുന്നു സുഹൃത്ത് ആവശ്യപ്പെട്ടത്. സുഹൃത്തിനെ വിശ്വസിച്ചു ഷിജിത്ത് ഒപ്പിട്ടു നൽകുകയും ചെയ്തു. എന്നാൽ കാശ് കടം വാങ്ങിയതിന് ജാമ്യക്കാരനായി ആണ് താൻ ഒപ്പിട്ടു നൽകിയതെന്ന് ഷിജിത്ത് മനസ്സിലാക്കിയിരുന്നില്ല.

ഒരാഴ്ച മുൻപ് ഷിജിത്തിന്റെ പിതാവ് വാർദ്ധക്യസഹജമായ അസുഖം കാരണം മരണമടഞ്ഞു. നാട്ടിൽ പോകാനായി ഷിജിത്തിന്റെ സ്പോൺസർ റീ-എൻട്രി വിസ അടിയ്ക്കാൻ ശ്രമിച്ചപ്പോഴാണ്, ഷിജിത്തിന്റെ പേരിൽ സാമ്പത്തികകുറ്റം ചാർത്തപ്പെട്ടതായി മനസ്സിലാക്കിയത്. സുഹൃത്ത് ലോൺ പണം തിരികെ അടയ്ക്കാത്തതിനാൽ ജാമ്യക്കാരനായ ഷിജിത്തിന്റെ പേരിൽ കേസ് വരികയായിരുന്നു. തുടർന്ന് സ്പോൺസർ ഷിജിത്തിനെ ഉറൂബ് (തൊഴിലാളി ഒളിച്ചോടിയതായി റിപ്പോർട്ട്) ചെയ്ത് സ്വന്തം തടി ഊരി. അച്ഛന്റെ മൃതദേഹം കാണാൻ പോലും നാട്ടിലേയ്ക്ക് പോകാനാകാതെ ഷിജിത്ത് കുഴപ്പത്തിലായി.

ചില സുഹൃത്തുക്കൾ ഉപദേശിച്ചതനുസരിച്ച്, ഷിജിത്ത് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന്റെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. ഷിബുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും ഷിജിത്തിന്റെ സുഹൃത്തിനെ ബന്ധപ്പെട്ട്, പണം തിരികെ അടയ്ക്കാനായി ശക്തമായ സമ്മർദ്ദം ചെലുത്തി. ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ, സുഹൃത്ത് ലോൺ പണം തിരികെ അടച്ചു. അതോടെ ഷിജിത്തിന്റെ പേരിലുള്ള കേസ് അവസാനിച്ചു.

എന്നാൽ കുരുക്കുകൾ അവിടെയും അവസാനിച്ചില്ല. എക്സിറ്റ് വിസ അടിയ്ക്കാൻ നോക്കിയപ്പോൾ, ഷിജിത്തിന്റെ പേരിൽ ഒരു കാർ ഉള്ളതിനാൽ, അതിനു കഴിയില്ല എന്ന് കണ്ടു. ഷിജിത്ത് മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിലെ ഒരു കാർ ഷിജിത്തിന്റെ പേരിൽ ഇപ്പോഴും കാണിച്ചിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. തുടർന്ന് ഷിബുകുമാർ ഷിജിത്തിന്റെ പഴയ കമ്പനി അധികാരികളെ ബന്ധപ്പെട്ട് സംസാരിച്ച്, ആ കാർ ഷിജിത്തിന്റെ പേരിൽ നിന്നും മാറ്റി.

ഷിജിത്ത് ഹുറൂബ് ആയതിനാൽ, ഷിബുകുമാർ തർഹീൽ വഴി സാമൂഹ്യപ്രവർത്തകനായ നാസ് വക്കത്തിന്റെ സഹായത്തോടെ എക്സിറ്റ് അടിച്ചു വാങ്ങി. നിലമ്പൂർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ആയ ആരിഫ് നാലകത്തും ഈ കേസിൽ ഷിബുകുമാറിനെ സഹായിച്ചു.നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു ഷിജിത്ത് നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button