കൊച്ചി : ഇഷ്ട ഹോട്ടലുകളിൽനിന്ന് ഭക്ഷണം സ്വന്തം വീട്ടുമുറ്റത്ത് എത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുക്കൾക്കെതിരെ ഹോട്ടലുടമകൾ രംഗത്ത്. യൂബർ ഇറ്റ്സ് ,സ്വിഗി , സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളിൽനിന്ന് ഡിസംബർ ഒന്നുമുതൽ ഓർഡറുകൾ സ്വീകരിക്കില്ലെന്ന് കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമാണ് വിലക്ക്. കോഴിക്കോട് ജില്ലയിൽ ഇതിനോടകം ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ മെനുവിൽ പറയുന്ന വിലയിൽ സാധങ്ങൾ എടുക്കുകയാണെങ്കിൽ മാത്രമേ ഇത്തരം ആപ്പുകൾ സ്വീകരിക്കുകയുള്ളൂ എന്ന് ഹോട്ടലുടമകൾ വ്യക്തമാക്കി.
ഓൺലൈൻ ഭക്ഷണ വില്പന നടത്തുന്നതിന് സർവീസ് ചാർജായി ഹോട്ടൽ ഉടമകളിൽനിന്നും ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നു. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുടമകളെ ചൂഷണം ചെയ്യുന്നു. തൊഴിലാളികളുടെ ശമ്പളവും സാധനങ്ങളുടെ വില വർധനവും തുടങ്ങിയ കാര്യങ്ങൾമൂലം ഹോട്ടലുകൾ 15 ശതമാനവും നഷ്ടത്തിലാണെന്നും അസോസിയേഷൻ പറയുന്നു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്ത്യയിൽ മറ്റ് ഫുഡ് ഡെലിവറി സ്റ്റാർട്ട് ആപ്പുകളുമായി സഹകരിച്ച് സ്വന്തം നിലയിൽ ഫുഡ് ഡെലിവറി നടത്താനാണ് ഹോട്ടലുടമകളുടെ തീരുമാനം. ഇതിനായി അടുത്ത ദിവസം സ്റ്റാർട്ട് ആപ്പുകളുമായി ചർച്ച നടത്തും.
Post Your Comments