വാഷിങ്ടന്‍: ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെ നരകതുല്യമായ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി യുവതി. ഉയിഗുര്‍ വംശജയും 29 കാരിയുമായ മിഹൃഗുല്‍ ടുര്‍സുന്‍ എന്ന യുവതിയാണ് ക്യാമ്പില്‍ തനിക്കു നേരിടേണ്ടി വന്ന കൊടിയ പീഡനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരു ഉയിഗുര്‍ വംശജ ആയതാണ് നിങ്ങളുടെ കുറ്റം എന്നായിരുന്നു ക്യാമ്പിലുള്ളവര്‍ ടുസുനോട് പറഞ്ഞത്. യുഎസിലെ വാഷിങ്ടനില്‍ നാഷനല്‍ പ്രസ് ക്ലബിലിരുന്ന് ദ്വിഭാഷിയുടെ സഹായത്തോടെ എഴുതിയ അനുഭവക്കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
രണ്ടാം തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തുടര്‍ച്ചയായ നാലുദിവസം ഉറക്കംപോലും നിഷേധിച്ചാണു ചോദ്യം ചെയ്തതെന്നും തലമുടി മുഴുവന്‍ ഷേവ് ചെയ്ത് അനാവശ്യമായി മരുന്നുകള്‍ നല്‍കി പരിശോധനകള്‍ നടത്തിയെന്നും ടുര്‍സുന്‍ വ്യക്തമാക്കി. എന്നാല്‍ മൂന്നാം തവണ അറസ്റ്റിനെ തുടര്‍ന്നുള്ള പീഡനങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്നും ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു താന്‍ കരുതി. ഒന്നു കൊന്നുതരുമോ എന്ന് അവരോടു യാചിച്ചതായും ടുര്‍സുന്‍ പറഞ്ഞു. കണ്ണീരോടെയാണ് താന്‍ അനുഭവിച്ച ഓരോ പീഡന കഥകളും അവര്‍ വെളിപ്പെടുത്തിയത്.
ചൈനയില്‍ ജനിച്ചു വളര്‍ന്ന ടുര്‍സുന്‍ ഇംഗ്ലിഷ് പഠിക്കാനായി ഈജിപ്തിലെ സര്‍വകലാശാലയിലേക്കു പോയിരുന്നു. പിന്നീട് അവിടെ വച്ച് വിവാഹിതയായ അവള്‍ക്ക് ഒറ്റ പ്രസവത്തില്‍ മൂന്നു കുട്ടികള്‍ ജനിച്ചു. സ്വന്ത്ം കുടുംബത്തെ കാണാനാണ് ടുര്‍സുന്‍ 2015ല്‍ ചൈനയില്‍ എത്തിയത്. എന്നാല്‍ അവിടെയെത്തിയ ടുര്‍സുനെ കാത്തു വച്ചത് മറ്റൊരു വിധിയായിരുന്നു. അവര്‍ അവളെ ഉടന്‍ തന്നെ തടങ്കലിലാക്കുകയും പിഞ്ചുകുഞ്ഞുങ്ങളില്‍നിന്നു വേര്‍പെടുത്തുകയും ചെയ്തു. എന്നാല്‍ മൂന്നു മാസത്തിനുശേഷം വിട്ടയച്ചപ്പോള്‍ കുഞ്ഞുങ്ങളിലൊരാള്‍ മരണമടഞ്ഞിരുന്നെന്നും മറ്റു രണ്ടുപേര്‍ക്കു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ക്കു ശേഷമാണു കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായതെന്നും ടുര്‍സുന്‍ പറഞ്ഞു.
രണ്ടു വര്‍ഷത്തിനുശേഷം ടുര്‍സുനെ വീണ്ടും തടങ്കലിലാക്കി. പിന്നീട് വിട്ടയച്ചെങ്കിലും കുറച്ചു മാസങ്ങള്‍ക്കുശേഷം മൂന്നാമതും ഇവരെ പിടികൂടുകയായിരുന്നു. അന്നും മൂന്നു മാസമാണു തടങ്കലില്‍ കഴിയേണ്ടിവന്നത്. ചെറിയ സെല്ലില്‍ മറ്റ് 60 സ്ത്രീകള്‍ക്കൊപ്പം ശ്വാസംമുട്ടി കഴിയേണ്ടി വന്നു. കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഊഴമെടുത്താണ് ഇവര്‍ ഉറങ്ങിയത്. സുരക്ഷാ ക്യാമറകള്‍ക്കു മുന്നില്‍ വച്ച് ശുചിമുറി ഉപയോഗിക്കേണ്ടി വന്നു, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തുന്ന പാട്ടുകള്‍ പാടേണ്ടി വന്നു. പലപ്പോഴും തങ്ങളുടെ അനുവാദമില്ലാതെ നിരവധി മരുന്നുകള്‍ അനാവശ്യമായി കഴിപ്പിച്ചിരുന്നു. പലതവണ തലകറങ്ങി വീണിട്ടുണ്ട്. ഒരു വെളുത്ത ദ്രാവകം കഴിച്ചപ്പോള്‍ ചില സ്ത്രീകള്‍ക്കു ബ്ലീഡിങ് ഉണ്ടായി. മറ്റു ചിലര്‍ക്ക് ആര്‍ത്തവം നിന്നുപോയി. ആ മൂന്നു മാസ തടങ്കല്‍ കാലയളവില്‍ 9 പേരാണ് ആ സെല്ലില്‍ മരിച്ചുവീണതെന്നും ടുര്‍സിന്റെ അനുഭവ കുറുപ്പില്‍ പറയുന്നു.
Audience can’t hold back tears listening to Mihrigul Tursun’s story of 10 unbearable months in China’s concentration camps for Uyghurs. Chained, beaten, separated from her 2-month-old triplets. pic.twitter.com/tSBBHNUWPs
— Louisa Greve (@LouisaCGreve) November 26, 2018
ഒരു ദിവസം തന്നെ അവര്‍ മുറിയിലേയ്ക്ക് വിളിപ്പിച്ചു. ഉയര്‍ന്ന ഒരു കസേരിയില്‍ ഇരുത്തി, കാലുകളും കൈകളും ബന്ധിച്ചു. ഹെല്‍മറ്റ് പോലെന്തോ തലയില്‍ വച്ചു. ഓരോ തവണയും വൈദ്യുതാഘാതമേല്‍ക്കുമ്പോള്‍ ശരീരം മുഴുവന്‍ വിറങ്ങലിച്ചു, ഞരമ്പുകളില്‍പ്പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു. അന്നത്തെ പല കാര്യങ്ങളും ഓര്‍മിക്കുന്നുപോലുമില്ല. വായിലൂടെ വെള്ള നിറത്തിലുള്ള പത പുറത്തുവന്നു. ബോധം മറയാന്‍ തുടങ്ങി. അധികൃതര്‍ പറഞ്ഞ, തന്റെ ഓര്‍മയിലുള്ള അവസാന വാക്ക് ഒരു ഉയിഗുര്‍ വംശജ ആയതാണ് നിങ്ങളുടെ കുറ്റം എന്നാണെന്നു പറയുന്നു ടുര്‍സുന്‍.
പിന്നീട് വിട്ടയച്ചപ്പോള്‍ ടുര്‍സുന്‍ കുട്ടികളുമായി ഈജിപ്തിലേയ്ക്ക് പോയെങ്കിലും തിരികെ ചൈനയിലേക്കു വരണമെന്ന് ഉത്തരവു വന്നു. പീഡനങ്ങളോര്‍ത്ത് അവര്‍ ഭയന്നു. കയ്‌റോയില്‍വച്ച് യുഎസ് അധികൃതരെ ബന്ധപ്പെട്ടു. സെപ്റ്റംബറില്‍ യുഎസിലെത്തി വിര്‍ജീനിയയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
Post Your Comments