ഡൽഹി: ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഏറെ വിവാദം സൃഷ്ടിച്ച മുസഫര്‍പൂര്‍ അഭയകേന്ദ്ര പീഡനത്തില്‍ ഉള്‍പ്പെടെ, കുട്ടികള്‍ക്ക് എതിരായ പ്രകൃതി വിരുദ്ധ പീഡന കേസുകള്‍ ബീഹാര്‍ സര്‍ക്കാര്‍ അശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് കോടതി വിലയിരുത്തി. ഇതേ തുടര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനകേസുകളില്‍ നിയമാനുസരണമുള്ള കൃത്യമായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാണ് ബീഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശം ഏല്‍ക്കേണ്ടി വന്നത്.
നിലവില്‍ പോസ്‌കോ നിയമപ്രകാരമാണ് പ്രകൃതി വിരുദ്ധ പീഡനക്കേസുകള്‍ എല്ലാം തന്നെ ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ഭരണഘടനയിലെ 377ാം വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് ഫയല്‍ ചെയ്തിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്ന് കോടതി വ്യക്തമാക്കി. മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പോസ്‌കോ നിയമപ്രകാരം ഫയല്‍ ചെയ്തിരിക്കുന്നത് എല്ലാം ചെറിയ കുറ്റം മാത്രമാണ്. അതിനാല്‍ സെക്ഷന്‍ 377 രജിസ്റ്റര്‍ ചെയ്യാതെ കേസന്വേഷണം എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്നും കോടതി ചോദിച്ചു. നിലവിലുള്ളത് പോലെ തികഞ്ഞ അശ്രദ്ധയോടെയാണ് കേസ് അന്വേഷണം മുന്നോട്ടു പോകുന്നതെങ്കില്‍ മുസഫര്‍പൂര്‍ കേസ് പോലെ അഭയകേന്ദ്രത്തില്‍ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
Post Your Comments