Latest NewsArticle

അങ്ങനെ ഒടുവില്‍ ശബരിമല ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍: സര്‍ക്കാരിനും പോലീസിനും ഏറ്റ ഏറ്റവും വലിയ തിരിച്ചടി

കെ.വി.എസ് ഹരിദാസ്‌

ശബരിമലയെ ഹൈക്കോടതിയുടെ പൂർണ്ണ നിയന്ത്രണത്തിലാക്കുന്നു. ഇന്ന് കേരളാ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രധാനമാണ്; അക്ഷരാർഥത്തിൽ കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും മേലെ ഒരു നിരീക്ഷണ സമിതിയെയാണ് നിയമിച്ചത്. ഈ മാസം 20 -ന് മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് ‘മെട്രോവാർത്ത’യിൽ എഴുതിയ ലേഖനത്തിൽ ഉന്നയിച്ച വിഷയമിതാണ്. ” സർക്കാരും ദേവസ്വം ബോർഡും ശബരിമല തീർത്ഥാടനത്തിന്റെ കാര്യത്തിൽ ഗൗരവതരമായ വീഴ്ചകൾ വരുത്തിയിരിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയരുന്നു. അയ്യപ്പ ഭക്തരെ ഇരുമുടിക്കെട്ടുമായി ജയിലിലേക്ക് പറഞ്ഞയക്കുന്നു; തീർത്ഥാടനം അട്ടിമറിക്കുകയാണ് ഇതിന്റെയൊക്കെ അത്യന്തിക ലക്ഷ്യമെന്ന് ഭയപ്പെടുന്ന അവസ്ഥ അയ്യപ്പ ഭക്തരിൽ ശക്തമായുണ്ട്. ഇവിടെ കോടതിക്ക് ചില കാര്യങ്ങൾ ചെയ്യാനാവും ………. കോടതിക്കേ എന്തെങ്കിലും ചെയ്യാനാവൂ. എനിക്ക് തോന്നുന്നു, ഈ സീസണിലെ ശബരിമല തീർത്ഥാടനത്തിന്റെ നിയന്ത്രണം കോടതി നേരിട്ട് ഏറ്റെടുക്കണം. കോടതിക്ക് അത് എളുപ്പത്തിൽ ചെയ്യാനാവും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കട്ടെ. പക്ഷെ, സന്നിധാനത്തും വഴിമധ്യേയും തീർത്ഥാടകർ അനാവശ്യമായി പീഡിപ്പിക്കപ്പെടില്ല എന്ന് തീർച്ചയാക്കാൻ അതിലൂടെ കഴിയും. അതായത് ശബരിമലയെ ഹൈക്കോടതി ഏറ്റെടുക്കണം എന്ന് ” എന്നതായിരുന്നു ലേഖനത്തിൽ ഉന്നയിച്ചത്.

ഇന്നിപ്പോൾ ഹൈക്കോടതി ഒരു മൂന്നംഗ നിരീക്ഷണ സമിതിയ നിയോഗിച്ചിരിക്കുന്നു. അതിൽ രണ്ടുപേർ മുൻ ഹൈക്കോടതി ജഡ്ജിമാർ, ഒരാൾ ഒരു മുൻ ഡിജിപി …… അവർ ശബരിമലയിലെ കാര്യങ്ങൾ നേരിട്ട് പരിശോധിക്കും, വിലയിരുത്തും. അത് അവർ ഹൈക്കോടതിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും. അതായത് ദേവസ്വം ബോർഡിനും പോലീസിനും സർക്കാരിനും മുകളിൽ കോടതി രംഗത്ത് വരുന്നു. ഇനി സർക്കാരിന്റെ കളികൾ, പോലീസിന്റെ വീഴ്ചകൾ ഒക്കെ നേരിട്ട് ശ്രദ്ധിക്കപ്പെടും….നവംബർ ഇരുപതിലെ ലേഖനം ഇവിടെ ചേർക്കുന്നു.

ശബരിമലയെ ഹൈക്കോടതി ഏറ്റെടുക്കട്ടെ

ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് എന്തൊക്കെയെന്നത് ലോകം മുഴുവൻ കാണുന്നുണ്ടല്ലോ. പരിപാവനമായ പൂങ്കാവനം അക്ഷരാർഥത്തിൽ ഒരു പോലീസ് ബാരക്കായി മാറിയിരിക്കുന്നു. ആ പോലീസുകാർക്ക് ആരെയും എന്തും ചെയ്യാവുന്ന അവസ്ഥ. ശബരിമലയിൽ കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനത്തിനുള്ള ശ്രമങ്ങളായിരുന്നു എങ്കിൽ ഇന്നത് ക്ഷേത്ര സങ്കേതത്തിൽ, സന്നിധാനത്ത്, സമാധാനപൂർവം അയ്യപ്പനെ ഭജിക്കാനുള്ള, നാമം ജപിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നതാണ്. ശരണം വിളിക്കാൻ പോലും നിരോധനമുള്ള പ്രദേശമായി ശബരിമല സന്നിധാനത്തെ മാറ്റിയത് ആരാണ്, എന്തിന് വേണ്ടിയാണ് …. …. ഇത് കോടതി കാണേണ്ടതല്ലേ. തെരുവിൽ ചുംബനവുമായി നടന്നവർക്ക് സംരക്ഷണം നൽകിയവരാണ് ഇന്നിപ്പോൾ സന്നിധാനത്ത് ശരണം വിളിക്കുന്നവരെ, അയ്യപ്പ ഭക്തരെ, കയ്യാമം വെക്കുന്നത്; ചവിട്ടി മെതിക്കുന്നത്. ഈ വിഷയത്തിൽ ഹൈക്കോടതി ഇന്നലെ ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്, നിർദ്ദേശങ്ങൾ നൽകിയത് കാണാതെ പോവുകയല്ല. യഥാർഥത്തിൽ ഈ ലേഖനം കേരള ഹൈക്കോടതി മുന്പാകെയുള്ള ഒരു ദയാ ഹർജിയാണ്; കോടാനുകോടി അയ്യപ്പ ഭക്തർക്ക് വേണ്ടിയുള്ള ദയാ ഹർജി.

ഒരു ക്ഷേത്രസന്നിധിയിൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 144 അനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത് അസാധാരണവും അവിശ്വസനീയവുമായ നടപടിയാണ് എന്നതിൽ തർക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു കാര്യമാണത് . നിരോധനാജ്ഞയുടെ മറവിൽ വളരെയേറെ പ്രയാസപ്പെട്ട് മലകയറി എത്തുന്ന ഭക്തർക്ക് ഒരു നിമിഷം വിശ്രമിക്കാൻ അനുവദിക്കാതിരിക്കുകയാണ് കാക്കിക്കുപ്പായക്കാർ ചെയ്യുന്നത് . എവിടെയെങ്കിലും ഇരുന്ന് വിശ്രമിച്ചാൽ, കുറച്ചുനേരം നാമം ജപിച്ചാൽ, ഉടനെ അറസ്റ്റ്; അർധരാത്രി പോലും സന്നിധാനത്ത് നിന്ന് പ്രായമായ സ്ത്രീകളെയും കൊച്ചു കുട്ടികളെയും കൊണ്ട് കൊടും വനത്തിലൂടെ ഓടേണ്ടുന്ന അവസ്ഥ പലർക്കും ഉണ്ടാവുന്നു. ഇരുമുടിക്കെട്ടുമായി എത്തുന്നവരെ വഴിയിൽ തടയുന്നു; സ്ത്രീകളെ പോലും അർധരാത്രി കഴിഞ്ഞും വനമധ്യത്തിൽ മണിക്കൂറുകൾ തടഞ്ഞുവെച്ചിട്ട് അറസ്റ്റ് ചെയ്യുന്നു; കുറേപ്പേരെ റിമാൻഡ് ചെയ്യിക്കുന്നു.

സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിനും മറ്റുമുള്ള വ്യവസ്ഥകൾ എന്താണ് എന്ന് അറിയാത്ത പോലീസുകാരാണോ ഇക്കൂട്ടർ; അതോ അതാണ് സർക്കാരിന്റെ നയമെന്ന് അയ്യപ്പ ഭക്തർ കരുതണോ ?. ക്രിമിനൽ നടപടി ചട്ടങ്ങളിലെ വകുപ്പ് 46 (4) പ്രകാരം ഒരു സ്ത്രീയെയും സൂര്യാസ്തമനത്തിന് ശേഷവും സൂര്യോദയത്തിന് മുൻപും അറസ്റ്റ് ചെയ്തുകൂടാ. ഇനി എന്തെങ്കിലും അത്രവലിയ അടിയന്തര ഘട്ടമാണ് എന്ന് ബോധ്യപ്പെട്ടാൽ, അതിന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇവിടെ ഇരുമുടി കെട്ടുമായി സന്നിധാനത്തേക്ക് തിരിച്ച ഒരു സ്ത്രീയെ വനമധ്യത്തിൽ, മരക്കൂട്ടത്ത്, മണിക്കൂറുകൾ തടഞ്ഞുവെച്ച് ആദ്യം പീഡിപ്പിക്കുന്നു; സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യം പോലും ലഭ്യമാക്കിയില്ല എന്നാണ് കേട്ടത്. അതിനുള്ള സൗകര്യങ്ങൾ ആ പ്രദേശത്ത് എത്രമാത്രമുണ്ട് എന്നത് വ്യക്തമാണല്ലോ. അതൊക്കെ കഴിഞ്ഞ്‌ പുലരുന്നതിന് മുൻപ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. അത് സ്ത്രീകളോടുള്ള ക്രൂരത. ക്ഷേത്രദർശനത്തിന് എത്തിയവരെ വഴിയിൽ തടഞ്ഞു പരിശോധിക്കട്ടെ. എന്നാൽ ഒരു കുറ്റവും ചെയ്യാത്തവരെ കരുതൽ തടങ്കൽ എന്ന നിലക്ക് കസ്റ്റഡിയിലെടുക്കുക, പിന്നീട് രണ്ടാഴ്ചക്ക് റിമാൻഡ് ചെയ്യിക്കുക. ഇരുമുടിക്കെട്ടുമായി അയാൾക്ക് ജയിലിൽ കഴിയേണ്ടിവരിക……എന്താണിവിടെ നടക്കുന്നത്.

അതിന് പിന്നാലെയാണ് ക്ഷേത്ര നടയിൽ ഇരുന്ന് നാമം ജപിച്ചവരെ, ഭജന ചൊല്ലിയവരെ, നിഷ്ടൂരമായി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത്. അവിടെ നിരോധനാജ്ഞ ഉണ്ടത്രേ. ക്ഷേത്ര നടയിലിരുന്ന് നാമം ജപിക്കുന്നത് നിരോധനാജ്ഞയുടെ പരിധിയിൽ വരുമോ….. എങ്കിൽ സന്നിധാനത്ത് ക്യൂവിൽ നിൽക്കുന്നതും നിരോധനാജ്ഞയുടെ ലംഘനമല്ലേ?. അപ്പവും അരവണയും വാങ്ങുന്നതിന് ക്യൂ നിന്നാലും അറസ്റ്റ് ചെയ്യപ്പെടാമല്ലോ. അതൊക്കെ ഭക്തലക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്. മാത്രമല്ല, ഇവിടെ കാണേണ്ട മറ്റൊന്നുണ്ട്. ആ ഭക്തരെല്ലാം അവിടെ അന്ന് രാത്രിയോ വൈകീട്ടോ സന്നിധാനത്ത് എത്തിയവരാണ്. അവർ ആചാരങ്ങളനുസരിച്ച് ഇരുമുടി കെട്ടുമായാണ് വന്നത്. അവരുടെ നെയ്‌ത്തേങ്ങയിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്യാനുള്ളതാണ്. അതിനവർ വഴിപാട് കൗണ്ടറിൽ നിന്ന് രശീതി വാങ്ങിയിട്ടുണ്ട്. പിറ്റേന്ന് പുലർച്ചെയാണ്‌ നെയ്യഭിഷേകം നടത്താനാവുക……. അതിനായി ഭക്തർക്ക് സന്നിധാനത്ത് തങ്ങുകയല്ലാതെ വേറെന്താണ് മാർഗം?. പോലീസ് പറയുന്നത്, നടയടച്ചാൽ സന്നിധാനത്ത് തങ്ങാൻ പറ്റില്ല എന്നാണ്. അപ്പോൾ നെയ്യഭിഷേകം എന്ന ഒരു ഭക്തന്റെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് നിഷേധിക്കുകയല്ലേ പോലീസ് ചെയ്യുന്നത്?. ഏറെ രസകരം, ” നിങ്ങൾ രാത്രി നടയടച്ചാൽ തിരിച്ച്‌ പമ്പയിലേക്ക് പോവുക, എന്നിട്ട് നാളെ രാവിലെ വീണ്ടും വന്നോളൂ” എന്നാണത്രെ ശബരിമല എന്താണ് എന്നറിയാത്ത ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത്. പ്രായമായവർ പോലുമുണ്ട് ഇക്കൂട്ടത്തിൽ; ഒരിക്കൽ ശബരിമല സന്നിധാനത്ത് മലകയറി എത്തുന്നത് എങ്ങിനെയാണ് എന്നത് അറിയാമല്ലോ. എത്ര ബുദ്ധിമുട്ടിയാണ് ഭക്തർ മലകയറുന്നത്?.

ഇനി മലകയറുന്ന കാര്യം തന്നെ ഒന്നുകൂടി പരിശോധിക്കാം. എനിക്ക് തോന്നുന്നത് ഹിന്ദുവിശ്വാസികളായ ഒട്ടെല്ലാവരും ഒരിക്കലെങ്കിലും ആ സന്നിധാനത്ത് പോയിട്ടുണ്ടാവണം. എത്ര അധ്വാനമാണ് ആ യാത്രക്ക് വേണ്ടത്?. മലകയറുമ്പോൾ, പ്രത്യേകിച്ചും പ്രായമായവർ, ഇരുന്ന് ഇരുന്നാണ് മുന്നോട്ട് നീങ്ങുക. അത് കഴിഞ്ഞ് സന്നിധാനത്തെത്തുമ്പോഴുള്ള ഒരു സമാധാനം…… ഒരു ശാന്തി, ഒരു സംതൃപ്തി. ഒന്ന് തൊഴുത് ഒഴിഞ്ഞഭാഗത്ത് വിരിവെച്ച്‌ അൽപ്പം വിശ്രമിച്ചിട്ടാണ് എല്ലാവരും അടുത്ത കർമ്മങ്ങളിലേക്ക് നീങ്ങുക. അത്രക്ക് ക്ഷീണമുണ്ടാവും. പിന്നീടാണ് ഇരുമുടിക്കെട്ടിലെ നെയ്‌ത്തേങ്ങയും മറ്റ്‌ വഴിപാട് സാധനങ്ങളുമൊക്കെ വേർതിരിച്ച്, വഴിപാടിനായി പോവുക. ഇപ്പോൾ സന്നിധാനത്ത് ഒരാൾക്കും ഒരു നിമിഷം പോലും വിശ്രമിക്കാൻ കഴിയുന്നില്ല; ഒന്ന് കാൽ നീട്ടിവെച്ച് പത്ത് മിനിറ്റ് ഒരു അയ്യപ്പ ഭക്തന് ഇരിക്കാൻ പോലും സാധിക്കാത്തസ്ഥിതി. മലകയറി ക്യൂവിലൂടെ സന്നിധാനത്തും മാളികപ്പുറത്തും തൊഴുതുകഴിഞ്ഞാൽ നേരെ മലയിറങ്ങേണ്ട അവസ്ഥ. വലിയ നടപ്പന്തലിലും മറ്റും വെള്ളം കോരിയൊഴിച്ചാണ് തീർത്ഥാടകരെ അകറ്റുന്നത്. എന്തൊരു ക്രൂരത; അങ്ങിനെയൊക്കെയാണ് പോലീസ് അവിടെ ഭക്തന്മാരോട് ‘യുദ്ധം’ നടത്തുന്നത്. ഭരണഘടന പ്രദാനം ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങൾക്കുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുക മാത്രമല്ല മനുഷ്യാവകാശ ലംഘനം കൂടിയല്ലേ ഈ ചെയ്തികൾ.

ഇവിടെ ആരാണ് ഇതൊക്കെ ചെയ്യുന്നത്?. ഒരു സംശയവുമില്ല, പൊലീസാണ്. ‘മലയാള ഗന്ധമില്ലാത്ത’ കുറേ പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് സന്നിധാനത്തും പമ്പയിലും നിലക്കലും പോസ്റ്റ് ചെയ്തിരിക്കുന്നു. അവർ ശബരിമല തീർത്ഥാടനത്തെ സംബന്ധിച്ച കാര്യങ്ങൾ മനസിലാക്കണ്ടേ ?. 41 നാളത്തെ കഠിന വ്രതമനുഷ്ഠിച്ച് അയ്യപ്പനെ മാത്രം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് എത്തുന്നവരെ എത്ര ക്രൂരമായാണ് ഇവർ നേരിടുന്നത്. ആരാണ് ഇവർക്ക് ഈ നിർദ്ദേശങ്ങൾ കൊടുത്തത് എന്നത് വേറെ കാര്യം; ഇതൊക്കെ നടക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വക ക്ഷേത്ര സങ്കേതത്തിലാണ് എന്നതാണ് പ്രധാനം. ദേവസ്വം ബോർഡ് നിയമാനുസൃതം ഇവിടെ ഒരു കാര്യക്കാരൻ മാത്രമാണ്; നോക്കി നടത്തുന്നയാൾ. ക്ഷേത്രവും സങ്കേതവുമൊക്കെ അവിടത്തെ ദേവന്റെ വകയാണ് എന്നതുമോർക്കുക. അതാണ് നമ്മുടെ നിയമവ്യവസ്ഥ. അപ്പോൾ അവിടെ ഒരു പോലീസുകാരൻ ഡ്യൂട്ടിക്കായി വരുന്നുവെങ്കിൽ അത് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടാവണം. ദേവസ്വം ബോർഡ് അതിനായി അവർക്ക്പണവും കൊടുക്കുന്നു. അതേസമയം അവിടെ, കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്, ദേവസ്വം ബോർഡ് പ്രസിഡന്റും മറ്റും പോലീസുകാരുടെ പിന്നാലെ യാചിച്ചുകൊണ്ട് നടക്കുന്നതാണ്. അതിനുശേഷം ബോർഡ് അധികൃതർ നിരാശരായി നിൽക്കുന്നതും കേരളം കണ്ടതല്ലേ. എന്തൊരു ഗതികേടാണിത്?. ദേവസ്വം ബോർഡിന്റെ തലക്ക് മുകളിൽ കൂടി പോലീസ് ഭീകരവാഴ്ച നടത്തുന്നു എന്നല്ലേ കാണേണ്ടത്?.
.

ഇവിടെ ഒരുകാര്യം പ്രധാനമാണ്…… അത് കേരളത്തിലെ ക്ഷേത്ര കാര്യങ്ങളിൽ, ക്ഷേത്ര ഭരണത്തിൽ, കോടതിക്കുളള പ്രത്യേകാധികാരമാണ്. കോടതിയുടെ നിരീക്ഷണം ക്ഷേത്ര ഭരണത്തിൽ, പ്രത്യേകിച്ചും ശബരിമലയുടെ കാര്യത്തിൽ, എത്രമാത്രമുണ്ട് എന്നത് പറഞ്ഞറിയിക്കേണ്ടതുമില്ല. ക്ഷേത്ര ഭരണത്തിൽ ഹൈക്കോടതിക്കുള്ള അധികാരവും മറന്നുകൂടാ; ദേവസ്വം ബോർഡ് റിപ്പോർട്ട് ചെയ്യുന്നത് കോടതിയിലാണ്. ക്ഷേത്ര ഭരണ നടത്തിപ്പ് നന്നാവാനായി കോടതി അനവധി സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിനൊക്കെയിടയിലാണ് ഇതൊക്കെ അരങ്ങേറുന്നത്. മറ്റൊന്ന് ക്ഷേത്ര ഭരണത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് എത്രയോതവണ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചുകൊണ്ട് ശബരിമല പ്രശ്നത്തിൽ ഒരു ഭാവാത്കമായ സമീപനം കോടതിയിൽ നിന്ന് ഉണ്ടാവണം എന്നതാണ് ഭക്തർ ആഗ്രഹിക്കുന്നത്.

ശബരിമലയിൽ ഇന്നുള്ള പ്രശ്നങ്ങൾ ഇത് മാത്രമല്ല. തീർത്ഥാടകർക്ക് പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമൊരുക്കാൻ പോലും ദേവസ്വം ബോർഡിനോ സർക്കാരിനോ കഴിഞ്ഞിട്ടില്ല. പമ്പയിലും നിലക്കലുമൊക്കെയുള്ള ശൗചാലയങ്ങളുടെ കഥ പറയാതിരിക്കുകയാണ് നല്ലത്. അത് വേണ്ടത്രയില്ല; ഉള്ളതാവട്ടെ വെള്ളം പോലും ഇല്ലാതെയും. കുടിവെള്ളത്തിന് പോലും വിഷമമാണ്. ആശുപത്രി ഒന്ന് പോയി നോക്കേണ്ടതാണ്; ദുരിതപൂർണ്ണം എന്നുമാത്രമേ പറയാനുള്ളു. പമ്പയിൽ കാൽ കഴുകാൻ പോലും വെള്ളമില്ല; അവിടെ കുളിച്ചുകൊണ്ട് ശുദ്ധമായി സന്നിധാനത്തേക്ക് നീങ്ങുന്ന അനുഷ്ഠാനവും ഇത്തവണ ഇല്ലാതാവുന്നു. വെള്ളപ്പൊക്കവും മറ്റും ഉണ്ടായെങ്കിലും ഒരു ഭരണകൂടം വിചാരിച്ചിരുന്നുവെങ്കിൽ കുറെയൊക്കെ പരിഹരിക്കാമായിരുന്നു. എന്നാൽ ആത്മാർഥമായ ഒരു ശ്രമവും നടന്നില്ല എന്നതാണ് സത്യം. അവരുടെ ശ്രദ്ധ മുഴുവൻ ഭക്തരെ എങ്ങിനെ ‘കൈകാര്യം ചെയ്യാ’മെന്നതിലായിപ്പോയി. കോടതിയിൽ എന്തൊക്കെ വാഗ്‌ദാനങ്ങളാണ്, ഉറപ്പുകളാണ് ഈ ഭരണകൂടവും ദേവസ്വം ബോർഡും നൽകിയത് എന്നതും മറന്നുകൂടാ. ഇപ്പോൾ തീർത്ഥാടകർ കുറവാണ്; എന്നാൽ വരും ദിവസങ്ങളിൽ അതാവില്ല അവസ്ഥ. പതിനായിരങ്ങളാണ് എത്തുക; രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന്. അപ്പോൾ എന്താണ് സംഭവിക്കുക എന്നത് ചിന്തിക്കേണ്ടതല്ലേ?. കഴിഞ്ഞ ദിവസം കേട്ടത്, ശബരിമലയിൽ തീർത്ഥാടകർക്കായി സൗകര്യമൊരുക്കാൻ നൂറ് കോടി രൂപ കേന്ദ്രസർക്കാർ നൽകിയിരുന്നു; ഒരു രൂപപോലും അതിൽ നിന്ന് ചിലവഴിച്ചിട്ടില്ലത്രെ. ആരാണ് ഇതിന് ഉത്തരവാദി?.

ഇതൊക്കെ ചേർത്ത് വെച്ച് വായിക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. അതായത് സർക്കാരും ദേവസ്വം ബോർഡും ശബരിമല തീർത്ഥാടനത്തിന്റെ കാര്യത്തിൽ ഗൗരവതരമായ വീഴ്ചകൾ വരുത്തിയിരിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയരുന്നു. അയ്യപ്പ ഭക്തരെ ഇരുമുടിക്കെട്ടുമായി ജയിലിലേക്ക് പറഞ്ഞയക്കുന്നു; തീർത്ഥാടനം അട്ടിമറിക്കുകയാണ് ഇതിന്റെയൊക്കെ അത്യന്തിക ലക്ഷ്യമെന്ന് ഭയപ്പെടുന്ന അവസ്ഥ അയ്യപ്പ ഭക്തരിൽ ശക്തമായുണ്ട്. ഇവിടെ കോടതിക്ക് ചില കാര്യങ്ങൾ ചെയ്യാനാവും ………. കോടതിക്കെ എന്തെങ്കിലും ചെയ്യാനാവൂ. എനിക്ക് തോന്നുന്നു, ഈ സീസണിലെ ശബരിമല തീർത്ഥാടനത്തിന്റെ നിയന്ത്രണം കോടതി നേരിട്ട് ഏറ്റെടുക്കണം. കോടതിക്ക് അത് എളുപ്പത്തിൽ ചെയ്യാനാവും. ആര് തെറ്റ് ചെയ്താലും നടപടിയെടുക്കട്ടെ. പക്ഷെ, സന്നിധാനത്തും വഴിമധ്യേയും തീർത്ഥാടകർ അനാവശ്യമായി പീഡിപ്പിക്കപ്പെടില്ല എന്ന് തീർച്ചയാക്കാൻ അതിലൂടെ കഴിയും. അതായത് ശബരിമലയെ ഹൈക്കോടതി ഏറ്റെടുക്കണം എന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button