തിരുവനന്തപുരം : മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാണിതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സാക്ഷരത- ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ മനസ്സ് ഇങ്ങനെയായിരിക്കണമെന്ന് ഇന്ത്യൻ ജനത ചിന്തിച്ചിരുന്നതുകൊണ്ടാണ് ഭരണഘടനയ്ക്ക് ഈ ആശയസമ്പന്നത കൈവന്നത്. മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങൾ ഭരണഘടനയിൽ എങ്ങനെ വന്നുവെന്നും ഈ ആശയങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഓരോ പൗരനും ചിന്തിക്കണം. ഇന്ത്യൻ ജനതയുടെ ജീവിതാനുഭവമാണ് ആശയങ്ങളുടെ കാതൽ.
കൂടുതൽ സമത്വബോധത്തിലേക്കും അവകാശ ബോധത്തിലേക്കും ഇന്ത്യൻ ജനത മാറിയത് നവോത്ഥാനത്തിലൂടെയാണ്. കേരളം ഭ്രാന്താലയമെന്നു വിളിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. കുറച്ചുപേർക്കുമാത്രം സ്വാതന്ത്ര്യവും സമത്വവുമുണ്ടായിരുന്ന കാലത്തിൽ നിന്ന് എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവുമുള്ള കാലത്തേക്കു കേരളം വളർന്നത് നവോത്ഥാനത്തിലൂടെയാണ്. ലോകത്തെല്ലായിടത്തും ഇത്തരം നവോത്ഥാനമുണ്ടായിട്ടുണ്ട്. ആശയങ്ങളെ സ്വാംശീകരിച്ച് അറിവ് നേടി വളർന്നുവന്നതാണ് മാനവ വികസനചരിത്രം. ഈ മാറ്റം രാജ്യത്തും സംസ്ഥാനത്തും ഉണ്ടായതുകൊണ്ടാണ് സതി നിരോധിക്കപ്പെട്ടതും ക്ഷേത്രപ്രവേശനം അനുവദിക്കപ്പെട്ടതും. ഉദാത്തമായ മതനിരപേക്ഷ സംസ്‌കാരം ഉറപ്പുനൽകുന്നതാണ് നമ്മുടെ ഭരണഘന. രാജ്യത്തിന്റെ മനസ്സ് ലോകം ആദരിക്കുന്ന ഒന്നായി മാറുന്നവിധത്തിൽ ഭരണഘടനയുടെ ആശയങ്ങൾ പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സ്വാഗതം പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എംഎൽഎ, നുവാൽസ് മുൻ വൈസ് ചാൻസലർ ഡോ. എൻ. കെ. ജയകുമാർ, നവകേരളം കർമപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു
Post Your Comments