തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അഞ്ചോളം പേര്‍ മൊഴി നല്‍കിയത്. എന്നാൽ ബാലഭാസ്കറിനെ പിന്‍സീറ്റില്‍ കണ്ടുവെന്നാണ് കൊല്ലം ചവറ സ്വദേശി മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മൊഴി ബാലഭാസ്കറെ പുറത്തെടുത്തത് ഡ്രൈവിംഗ് സീറ്റിൽ നിന്ന് തന്നെയാണെന്നാണ്.
തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. ആറ്റിങ്ങല്‍ മുതല്‍ ബാലഭാസ്കറിന്റെ കാര്‍ കെഎസ്‌ആര്‍ടിസി ബസിന് മുൻപിലുണ്ടായിരുന്നുവെന്നും എന്നാല്‍ പള്ളിപ്പുറം സിഗ്നലിന് ശേഷമുള്ള വളവ് കഴിഞ്ഞതോടെ കാര്‍ അമിത വേഗതയിലാകുകയും നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവർ അജി വ്യക്തമാക്കുന്നു. ബസ് നിര്‍ത്തി കാറിനരികിലേക്ക് ഓടിയെത്തിയപ്പോള്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന ബാലഭാസ്കര്‍ തലയനക്കി ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. തേജസ്വിനി അപ്പോള്‍ ഗിയര്‍ ലിവറിനടിയിലായിരുന്നു. കാറിന്റെ ചില്ല് പൊട്ടിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ലക്ഷ്മിയും മുന്‍സീറ്റിലാണ് ഇരുന്നത്. ഗുരുതരപരുക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു ലക്ഷ്മി. ബാലഭാസ്കറിന് ബോധം മറഞ്ഞിട്ടുണ്ടായിരുന്നില്ല. ആംബുലന്‍സില്‍ കയറ്റും മുൻപ് എല്ലാവരും സുരക്ഷിതരല്ലേയെന്ന് ബാലഭാസ്കര്‍ ചോദിച്ചതായി മറ്റൊരു സാക്ഷിയായ പ്രവീണും മൊഴി നല്‍കിയിരുന്നു.
Post Your Comments