ArticleLatest NewsIndia

ജയിലില്‍ ഉള്ള സുരേന്ദ്രന്‍ പുറത്ത് നില്‍ക്കുന്നതിനേക്കാള്‍ ശക്തന്‍ സുരേന്ദ്രന് കിട്ടുന്ന പിന്തുണ രാഷ്ട്രീയ വിരോധികളെ അത്ഭുതപ്പെടുത്തുന്നത്

കെവിഎസ് ഹരിദാസ് എഴുതുന്നു

ചിലര്‍ പുറത്തുനില്‍ക്കുന്നതിനേക്കാള്‍ ശക്തരാണ് ജയിലില്‍ കഴിയുമ്പോള്‍. അത് ഒരു പുതിയ കാര്യമല്ല; കേരളം അത്തരം അനവധി സംഭവങ്ങള്‍ക്ക് മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തൊന്നും അങ്ങിനെ പറയാവുന്ന ഒരു നേതാവോ സംഭവമോ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല; അതാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ പ്രത്യേകത, പ്രാധാന്യം. കഴിഞ്ഞ കുറേനാളായി അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്…….ആദ്യം നിലക്കല്‍, പിന്നെ റാന്നി പോലീസ് സ്റ്റേഷനുകള്‍; അതുകഴിഞ്ഞ് കൊട്ടാരക്കര ജയില്‍, ഒരു നാള്‍ കോഴിക്കോട് ജയില്‍ പിന്നെയിതാ കണ്ണൂരില്‍…… ഈ ദിവസങ്ങളില്‍ സുരേന്ദ്രന്‍ നേടിയെടുത്ത മാധ്യമ സാന്നിധ്യം ചെറുതല്ലല്ലോ…….. മാത്രമല്ല, നമ്മുടെ നാട്ടിലെ അമ്മമാര്‍, സഹോദരിമാര്‍ ഇന്ന് സുരേന്ദ്രന് വേണ്ടി ഒരേമനസോടെ പ്രാര്‍ഥിക്കുന്ന കാഴ്ച കാണുന്നില്ലേ…….?. അതെ സുരേന്ദ്രന്‍ ഇന്ന് കൂടുതല്‍ ശക്തനാണ്, പുറത്തുനടക്കുന്നതിനേക്കാള്‍.

ശബരിമല പ്രശ്‌നമാണല്ലോ സുരേന്ദ്രനെ ജയിലിലെത്തിച്ചത്. അതിന് മുന്‍പ് തുലാമാസ പൂജക്കും ചിത്തിര ആട്ട നാളിലും അദ്ദേഹം ശബരിമല സന്നിധാനത്തുണ്ടായിരുന്നു. ഒരു പക്ഷെ അതാവണം സംസ്ഥാന സര്‍ക്കാരിനെ വിഷമിപ്പിക്കുന്നത്. യുവതി പ്രവേശനത്തിന് ആ നാളുകളില്‍ ചിലരൊക്കെ നടത്തിയ നീക്കങ്ങള്‍ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. അത് അവരില്‍ എത്രമാത്രം നിരാശയാണ് പകര്‍ന്നത് എന്നത് പറഞ്ഞറിയിക്കുക പ്രയാസകരം. അന്ന് ‘അനവധി ഭക്തര്‍ സന്നിധാനത്തും പമ്പയിലുമൊക്കെ ശരണം വിളികളുമായി അയ്യപ്പപ്പസ്വാമിയുടെ ക്ഷേത്രത്തിന്റെ ഐശ്വര്യം സംരക്ഷിക്കാനായി, ആചാരങ്ങള്‍ നിലനിര്‍ത്താനായി ഉണ്ടായിരുന്നു’ എന്നതും കേരളം കണ്ടതാണ്. അന്ന് അവര്‍ക്കൊക്കെ ആത്മവീര്യം പകരാന്‍ പലരുമുണ്ടായിരുന്നു …….. അതില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം സുരേന്ദ്രന്റേതായിരുന്നു. ‘ആ വ്യക്തിയുടെ സാന്നിധ്യം തന്നെയാണ് അവിടെയെത്തിയ ഭക്തര്‍ക്ക് കരുത്തുപകര്‍ന്നത് എന്ന് പോലീസ് ധരിച്ചിരിക്കുന്നു’ എന്നതല്ലേ പിന്നീടുള്ള നടപടികളില്‍ നിന്ന് തിരിച്ചറിയേണ്ടത്. പോലീസ് ഒരുതരത്തില്‍ പറഞ്ഞാല്‍ മുന്‍പെങ്ങും ഒരു രാഷ്ട്രീയ നേതാവിനും നേരെ എടുത്തിട്ടില്ലാത്ത പ്രതികാര നടപടിക്ക് മുതിര്‍ന്നിരിക്കുന്നു.

സുരേന്ദ്രന്‍ അങ്ങിനെയാണ് ….. വിവാദങ്ങള്‍ പലപ്പോഴും കൂടപ്പിറപ്പുകളായിരുന്നു എങ്കിലും ആ യുവനേതാവ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതുപോലെ ശക്തമായി പ്രതികരിച്ചിരുന്ന യുവ നേതാക്കള്‍, മറ്റു പാര്‍ട്ടികളിലും കുറവുതന്നെയാണ്. മുസ്ലിം ലീഗിലെയും മറ്റും ചിലരെ മറക്കുകയല്ല. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ സുരേന്ദ്രന്‍ എത്തിയിരുന്നു. ആ വാക്കുകളിലെ സ്പുടത, ഗാംഭീര്യം, മൂര്‍ച്ഛ …… അതൊക്കെ പ്രതിയോഗികള്‍ക്ക് പോലും അംഗീകരിക്കാതിരിക്കാന്‍ കഴിയാത്ത വിധമായിരുന്നു. അത് തീര്‍ച്ചയായും ബിജെപിയും അംഗീകരിച്ചിരുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടാണല്ലോ പാര്‍ട്ടിയിലെ ഒരു നെടുംതൂണായി മാറിയത്. മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ചെറിയ വോട്ടുകള്‍ക്കാണ്….. ഇപ്പോള്‍ അന്ന് ജയിച്ചയാള്‍, മുസ്ലിം ലീഗ് നേതാവ്, മരണമടഞ്ഞതോടെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കൊടുത്ത തിരഞ്ഞെടുപ്പ് കേസിന് പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ നേതൃനിരയില്‍ പ്രമുഖനായി വരേണ്ടവരുടെ പട്ടികയില്‍ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഉള്‍പ്പെടുത്തി എന്നതും വാര്‍ത്തയിലൂടെ നാം കണ്ടതാണ്…. അമിത് ഷായുടെ താല്പര്യമാണ് അതെന്നുമാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ ഭാവി നേതാവായി അമിത് ഷായും മറ്റും കണ്ടുവെച്ച ഒരാളെ ജയിലില്‍ അടക്കാന്‍ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തയ്യാറായതില്‍ അതിശയമില്ല. അതാണ് കേരള പോലീസിന്റെ തന്ത്രം, അതാണ് സിപിഎമ്മിന്റെ ദുഷ്ടലാക്ക്.

എത്രയോ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ സുരേന്ദ്രനെ കേരളം കണ്ടിട്ടുണ്ട്. കോവളം കൊട്ടാരം പ്രശ്‌നത്തില്‍ യുവമോര്‍ച്ച നടത്തിയ സമരം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലേ. സോളാര്‍ കേസില്‍ സുരേന്ദ്രന്‍ മുന്‍ നിരയിലുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മക്കളെ സംബന്ധിച്ച് ആദ്യമേ തന്നെ ആക്ഷേപം ഉയര്‍ത്തിയത് അദ്ദേഹമാണ്. അത് അവസാനം, മറ്റൊരു വിധത്തിലാണെങ്കിലും, ശരിയാണെന്ന് ഏറെക്കുറെ കേരളം കണ്ടതല്ലേ. ടിപി വധക്കേസിന്റെ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്കെതിരെ നടത്തിയ സമര- പ്രചാരണ പരിപാടികളും കേരളം ശ്രദ്ധിച്ചതാണ്. ആ ലിസ്റ്റ് പൂര്‍ത്തിയാക്കുക പ്രയാസമാണ്… അത്രയേറെ പ്രക്ഷോഭങ്ങളുടെ നെറുകയില്‍ ആ യുവനേതാവുണ്ടായിരുന്നു. സ്വാഭാവികമായും കുറെയേറെ ശത്രുക്കളെയും സമ്പാദിച്ചിരിക്കണം. കാരണം കേരളമല്ലേ, രാഷ്ട്രീയമല്ലേ.

കേരളത്തില്‍ ആര്‍എസ്എസ് ആവട്ടെ, ജനസംഘമാവട്ടെ, ബിജെപി ആവട്ടെ വളര്‍ന്നത് അത്രയേറെ കഷ്ടപ്പെട്ടിട്ടാണ്. പട്ടിണികിടന്നും മറ്റുമാണ് പ്രവര്‍ത്തകര്‍ അധ്വാനിച്ചത്. കയ്യിലുള്ളത് മുഴുവന്‍ കൊണ്ടുപോയി പ്രസ്ഥാനത്തിന് കൊടുക്കാന്‍ ഓരോരുത്തരും അന്നൊക്കെ തയ്യാറായിരുന്നു. പ്രസ്ഥാനമാണ് ജീവിതം എന്ന് കരുതിയവരുടെ ഒരു കൂട്ടായ്മയായിരുന്നു ഈ മഹാ പ്രസ്ഥാനം. അതുകൊണ്ട് അതിനെ പോലീസിനെ ഉപയോഗിച്ചുകൊണ്ട് തകര്‍ക്കാമെന്ന് കേരളത്തില്‍ സിപിഎമ്മോ, പൊലീസോ വിചാരിച്ചുവെങ്കില്‍ …..?. അവരുടെ നിലപാടിനെയോര്‍ത്ത് ദുഃഖിക്കാനേ കഴിയു. സിപിഎം നേതൃത്വത്തിന്, സാധാരണ നിലക്ക്, ഇതൊക്കെ അറിയേണ്ടതാണ്. പക്ഷെ അവര്‍ ഇന്നിപ്പോള്‍ മറ്റെന്തൊക്കെയോ കണക്കുകൂട്ടി എന്ന് തോന്നുന്നു. എത്രയെത്ര സംഘര്‍ഷങ്ങള്‍ക്ക് കേരളനാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്…. ആശയപരമാണിത്. അതിലൂടെ വളര്‍ന്നുവന്ന ഒരു തലമുറയാണ് കേരളത്തിലെ ആര്‍എസ്എസിന്റെ, ബിജെപിയുടെ ഒക്കെ തലപ്പത്തുള്ളത്. അത് തീയില്‍ വളര്‍ന്നതാണ്; അത് വെയില്‍ കണ്ടാല്‍ വാടുകയില്ല.

കെ സുരേന്ദ്രനാണ് നമ്മുടെ വിഷയം. കുറെ കേസുകള്‍ ആ യുവനേതാവിനെതിരെ ഉണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേസുകള്‍ ഒക്കെ തിരഞ്ഞുപിടിച്ച് എത്രനാള്‍ ജയിലില്‍ ഇടാന്‍ പറ്റുമോ എന്ന് നോക്കുകയാണ്. സിപിഎം നേതാക്കള്‍ ഒന്നാലോചിച്ചു നോക്കൂ, ഇതുപോലെ കേരളത്തില്‍ ഏതെങ്കിലും കാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മുന്‍പ് നടന്നിട്ടുണ്ടോ,?. എന്റെ ഓര്‍മ്മയില്‍ തോന്നുന്നില്ല. ഒരു കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുക, പിന്നെ ബാക്കിയുള്ളതൊക്കെ അതിനൊപ്പം ചേര്‍ത്തു വെക്കുവാന്‍ ശ്രമിക്കുക…… അടിയന്തരാവസ്ഥക്കാലത്ത് ഇത് നടന്നിട്ടുണ്ട്. അന്ന് കെ കരുണാകരന്റെ പോലീസ് ചെയ്തുകൂട്ടിയതിന് കയ്യും കണക്കുമില്ലല്ലോ. അതുപോലെയല്ലേ ഇന്നിപ്പോള്‍ സുരേന്ദ്രനെ വേട്ടയാടുന്നത്?. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ നേതൃത്വം പറഞ്ഞത് കേട്ട് പലതും ചെയ്തവരുണ്ട്……. അവരൊക്കെ അടിയന്തരാവസ്ഥ പിന്‍വലിക്കില്ല, ഇന്ദിരാഗാന്ധിയും കരുണാകരനുമൊക്കെ അധികാരത്തില്‍ നിന്ന് പുറത്ത് പോകുന്ന പ്രശ്‌നമേ ജീവിതത്തില്‍ ഉണ്ടാവില്ല എന്നൊക്കെ കരുതിയിരുന്നിരിക്കണം…..എന്നാല്‍ അവസാനം എന്താണുണ്ടായത് എന്നത് ചരിത്രമാണ്.

ഇവിടെ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, തടവറയില്‍ കഴിയുന്ന കെ സുരേന്ദ്രന്‍ പുറത്തുള്ളതിനേക്കാന്‍ കരുത്താനാണ്; ശക്തനാണ്. സുരേന്ദ്രനെ തളര്‍ത്താനാവണം ഇടത് സര്‍ക്കാര്‍ ഇതൊക്കെ ചെയ്തുകൂട്ടിയത്. എന്നാല്‍ ആ രാത്രിയില്‍ നിലക്കല്‍ നിന്ന് അറസ്റ്റ് ചെയ്തത് മുതല്‍ കേരളത്തിലെ ജനതതി ആ നേതാവിനൊപ്പമായിരുന്നു …… രാത്രിയുംപകലും അവര്‍ കൂടെ നിന്ന്. എവിടെച്ചെന്നാലും ശരണമന്ത്രവുമായി ആയിരങ്ങള്‍. വീടുകളില്‍ അമ്മമാര്‍ ആചാര സംരക്ഷണത്തിനായി നിലകൊണ്ട സുരേന്ദ്രന് വേണ്ടി പ്രാര്‍ഥിക്കാന്‍ തയ്യാറായി….. അത് സംഘ – ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കരുത്താണ് കാണിച്ചത്, അതിനൊപ്പം സുരേന്ദ്രന്‍ ആര്‍ജ്ജിച്ച കരുത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button