KeralaLatest News

യുവതീ പ്രവേശന വിധി : പുതിയ നീക്കവുമായി കേരള പോലീസ്

തിരുവനന്തപുരം: ശബരില യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ കൃത്യമായ മാര്‍ഗനിര്‍ദേശം തേടാനൊരുങ്ങി പോലീസ്. യുവതികള്‍ക്ക് ദര്‍ശനം സാധ്യമാക്കാനും സമരക്കാരുടെ പ്രതിഷേധ സമരം ഇല്ലായ്മ ചെയ്യാനുമായി പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. സുപ്രീംകോടതി വിധിയുടെ മറവില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. ഭക്തരെ ബന്ദിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കേണ്ട. അമിത ഇടപെടല്‍ പാടില്ല. ശബരിമലയില്‍ പൊലീസ് അതിരു കടക്കുകയാണ്. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇപ്പോഴുള്ള പൊലീസുകാര്‍ ക്രൗഡ് മാനേജ്മെന്റിന് യോഗ്യരാണോ എന്നറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിധി പ്രഖ്യാപിച്ച സുപ്രീം കോടതി തന്നെ പോലീസ് എന്ത് നടപടി സ്വീകരിക്കണം എന്ന് കൃത്യമായ നിര്‍ദേശം തരണമെന്ന നിലപാടില്‍ പോലീസ് എത്തിയത്.

ശബരിമലയില്‍ സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നതിന് എതിര്‍പ്പ് ശക്തമായപ്പോള്‍ അവ തരണം ചെയ്യാന്‍ ഇത്രയും കാലം ഉണ്ടായിരുന്ന നടപടികളില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്ഥാടകരെ ബാധിക്കുന്ന നിയന്ത്രണങ്ങളാണ് പൊലീസ് കൊണ്ടുവന്നത്. തീര്‍ത്ഥാടക വേഷത്തില്‍ വരുന്ന സമരക്കാരെ തിരിച്ചറിയാനാവില്ല എന്നാണ് പൊലീസിന്റെ ന്യായീകരണം. കൂട്ടംചേര്‍ന്നുള്ള ശരണം വിളികളും നാമജപങ്ങളും പൊലീസ് നിയന്ത്രിച്ചു. സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതും ആറുമണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങണമെന്ന ഉപാധിയും വിമര്‍ശനത്തിന് ഇടവരുത്തി. ഇത്തരം നിയന്ത്രണങ്ങളില്‍ ഡി.ജി.പിക്ക് സത്യവാങ്മൂലം നല്‍കേണ്ടിയും വന്നു. ഇതേ തുടര്‍ന്നാണ് പോലീസ് സുപ്രീം കോടതിയുടെ കൃത്യമായ മാര്‍ഗ നിര്‍ദേശം തേടാമെന്ന നിലപാടെടുത്തിരിക്കുന്നത്. യുവതീ പ്രവേശന വിധിക്കെതിരെ 48 റിവ്യൂ ഹര്‍ജികളും ദേവസ്വം ബോര്‍ഡിന്റെ സാവകാശഹര്‍ജിയും നിലവിലുണ്ട്. അത് കൂടാതെയാണ് പൊലീസിന്റെ ഹര്‍ജിയും എത്തുന്നത്. ഉന്നത പൊലീസ് ഓഫീസര്‍മാര്‍ ഡല്‍ഹിയില്‍ പ്രമുഖ അഭിഭാഷകരുമായി ഇന്നലെ ചര്‍ച്ച നടത്തി. ബുധനാഴ്ചയോടെ ഹര്‍ജി സമര്‍പ്പിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button