റാഞ്ചി•ജാര്‍ഖണ്ഡിലെ ബഘ്മാര ജില്ലയിലെ ബി.ജെ.പി എം.എല്‍.എ ധുല്ലു മഹാതോയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി. എന്നാല്‍ മഹാതോ ആരോപണം നിഷേധിച്ചു.
പ്രതിയ്ക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്നും അധികൃതര്‍ അദ്ദേഹത്തെ സംരക്ഷിക്കാം ശ്രമിക്കുകയാണെന്നും യുവതി ആരോപിക്കുന്നു. ബി.ജെ.പിയുടെ ധന്‍ബാദ് ജില്ലാ ഓഫീസിലെ ജീവനക്കാരിയായിരുന്ന യുവതി വ്യാഴാഴ്ച പോലീസ് സ്റ്റേഷന് പുറത്ത് വച്ച് ആത്മാഹൂതിയ്ക്ക് ശ്രമിച്ചിരുന്നു.
ലോക്കല്‍ പോലീസ് തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു. എഴുതി നല്‍കിയ പരാതി പോലീസ് സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഓണ്‍ലൈനില്‍ പരാതി നല്‍കിയതായും യുവതി പറയുന്നു.
2015 നവംബറില്‍, പാര്‍ട്ടിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കെന്ന പേരില്‍ മഹാതോ തന്നെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ അവകാശപ്പെടുന്നു. അവിടെ എത്തുമ്പോള്‍ ആനന്ദ് ശര്‍മ, ധുല്ലു മഹാതോയും കാത്തിരിക്കുന്നുണ്ടായിരുന്നു. ആനന്ദ് ശര്‍മ മുറിയില്‍ നിന്ന് പോയ ശേഷം മഹാതോ തന്റെ കൈയില്‍ കയറിപ്പിടിയ്ക്കുകയും, പിന്നീട് തന്റെ സ്വകാര്യ ഭാഗങ്ങളിലും കൈവച്ചതായി യുവതി പറയുന്നു. ലൈംഗികമായി സഹകരിച്ചാല്‍ പണവും മറ്റുകാര്യങ്ങളും എം.എല്‍.എ വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞു. ഒടുവില്‍ ഒരു വിധം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
റാഞ്ചിയില്‍ നിന്നും ബോകാറോയിലേക്ക് പോകാന്‍ യുവതിയോട് മഹാതോ ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. ഇത് നിസരിച്ചതിനെ തുടര്‍ന്ന് അയാള്‍ പല രീതിയില്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും, തന്റെ കുടുംബാംഗങ്ങളെ വരെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
റാഞ്ചിയിലെ പോലീസ് ആസ്ഥാനത്ത് ലഭിച്ച ഓണ്‍ലൈന്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്ന് കത്രാസ് പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സഞ്ജയ് കുമാര്‍ പറഞ്ഞു.
അതേസമയം, യുവതിയുടെ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ മഹാതോ, യുവതി ‘സെക്സ് റാക്കറ്റ്’ നടത്തുകയാണെന്ന് ആരോപിച്ചു.
Post Your Comments