ശബരിമല: സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭിച്ചു. നിയന്ത്രണങ്ങള്‍ മറികടന്ന് ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം നാമജപം നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് വാവരുനടയ്ക്കു മുമ്പില്‍ ഇരുന്ന് നാമജപം നടത്തിയതിനായിരുന്നു അറസ്റ്റ്. ഹരിവരാസനം ചൊല്ലി നട അടച്ചശേഷവും ഒരുവിഭാഗം പിരിഞ്ഞുപോകാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.
തുടര്‍ന്ന് എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതായി സ്ഥലത്തുണ്ടായിരുന്ന എസ്പി പ്രതീഷ്‌കുമാര്‍ അറിയിക്കുകയായിരുന്നു. അതേസമയം ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന് പോലീസ് അറിയിച്ചു. ലൗണ്ട് സ്പീക്കര്‍ വഴിയാണ് പോലീസ് അറിയിപ്പ് നല്‍കിയത്. ഈ സമയത്ത് എക്സിക്യുട്ടീവ് മജിസട്രേറ്റും സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ നട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് നാമജപം അവസാനിച്ചത്. തുടര്‍ന്ന് നിയമപ്രകാരം പ്രതിഷേധക്കാരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.
ഇതിനു മുമ്പ് നവംബര്‍ 20നാണ് സന്നിധാനത്ത് കൂട്ടഅറസ്റ്റ് നടന്നത്. അതേസമയം ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണ് സന്നിധാനത്ത് ഇന്നലെ രാത്രി ഉണ്ടായത്. അറസ്റ്റ് ചെയ്തവരെ പോലീസ് ബസുകളില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലേയ്ക്ക് കൊണ്ടു പോയി. ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണെങ്കിലും കൂട്ടമായെത്തി ശരണം വിളിക്കുന്നതില്‍ തടസമില്ലെന്നു ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. ശരണം വിളിക്കുന്നതില്‍ തടസമില്ലെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു.
Post Your Comments