പത്തനംതിട്ട•മഠത്തുംചാല്‍-മന്ദമരുതി-വെച്ചൂച്ചിറ-മുക്കൂട്ടുതറ റോഡ് വികസനത്തിന് പഴവങ്ങാടി പഞ്ചായത്തില്‍ വസ്തു ഉടമകള്‍ സൗജന്യമായി ഭൂമി വിട്ടുനില്‍ക്കും. റോഡിന് ഇരുവശവും ഉള്ള താമസക്കാരുടെയും വസ്തു ഉടമകളുടെയും യോഗത്തിലാണ് തീരുമാനം. പഴവങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട മന്ദമരുതി മുതല്‍ ആനമാടം വരെയുള്ള ഭാഗത്തെ വസ്തു വിട്ടു നല്‍കാനാണ് തീരുമാനമായത്.
വെച്ചൂച്ചിറ പഞ്ചായത്തിലെ വസ്തു ഉടമകളുടെ യോഗം നേരത്തെ കൂടി ഇതേ തീരുമാനമെടുത്തിരുന്നു. നിലവില്‍ ആറു മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയുള്ള റോഡ് 11 മീറ്ററായി ഉയര്‍ത്താനാണ് റോഡിനിരുവശത്തും ഉള്ള വസ്തു വിട്ടു നല്‍കുക. കൊടുംവളവുകള്‍ ഉള്ള ഭാഗങ്ങളില്‍ റോഡിന് 13 മുതല്‍ 14 മീറ്റര്‍ വരെയായി വീതി വര്‍ധിപ്പിക്കും. ഇതിനും സൗജന്യമായി വസ്തു വിട്ടു നല്‍കാമെന്ന് ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
റോഡ് വീതി കൂട്ടുമ്പോള്‍ പൊളിച്ചു മാറ്റേണ്ട മതിലുകള്‍ക്ക് പകരം ഫണ്ട് കിട്ടുന്ന മുറയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ മതില് നിര്‍മിച്ചു നല്‍കും. ഈയാഴ്ചതന്നെ പൊതുമരാമത്ത് അധികൃതര്‍ റോഡിനായി ഏറ്റെടുക്കേണ്ട വസ്തു അളന്നു കല്ലിടും. 31.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് 42.18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഉടന്‍തന്നെ നിര്‍മ്മാണം ആരംഭിക്കാനാകും.
ചേത്തയ്ക്കലില്‍ ചേര്‍ന്ന യോഗം രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്സന് തോമസ്, തങ്കപ്പന്‍പിള്ള, ലാലിജോസഫ്, വിജയന് ചേത്തക്കല്‍, വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments